
തിരുവനന്തപുരത്ത്: കഴിഞ്ഞ മൂന്ന് സർക്കാരുകളിലായി സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത മൂന്ന് പേരും ഇക്കുറി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നിലവിലെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് ഇക്കുറി ആറന്മുളയിൽ മൂന്നാം അങ്കത്തിൽ പരാജയപ്പെട്ടപ്പോൾ, മണ്ഡലം മാറി മത്സരിച്ച കെകെ ശൈലജ പേരാവൂരിലും തോറ്റു. കഴിഞ്ഞ രണ്ട് തവണത്തെ പരാജയത്തിൽ നിന്ന് രക്ഷ നേടി അരുവിക്കരയിൽ ജനവിധി തേടിയ വിഎസ് ശിവകുമാറിന് ശക്തമായ മത്സരം കാഴ്ചവെക്കാനായെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല.
അരുവിക്കരയിൽ സിപിഎം സ്ഥാനാർത്ഥി അഡ്വ.ജി സ്റ്റീഫനാണ് വിജയിച്ചത്. 2843 വോട്ട് ഭൂരിപക്ഷത്തിനാണ് സിറ്റിങ് സീറ്റ് നിലനിർത്തിയത്. മണ്ഡലത്തിൽ 59064 വോട്ട് മാത്രമാണ് വിഎസ് ശിവകുമാറിന് നേടാനായത്. ശിവകുമാറിൻ്റെ രണ്ട് അപരന്മാർ 421 വോട്ട് നേടി.
ആറന്മുളയിൽ വീണ ജോർജിനെ സിറ്റിങ് സീറ്റിൽ മലർത്തിയടിച്ചാണ് അബിൻ വർക്കി വൻ വിജയം നേടിയത്. 18985 വോട്ട് ഭൂരിപക്ഷത്തിലാണ് അബിൻ്റെ വിജയം. പേരാവൂരിൽ മൂവായിരം വോട്ടിനെങ്കിലും ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെകെ ശൈലജ. എന്നാൽ 14453 വോട്ട് ഭൂരിപക്ഷത്തിൽ മണ്ഡലം കെപിസിസി പ്രസിഡൻ്റ് അഡ്വ.സണ്ണി ജോസഫ് നിലനിർത്തി. മട്ടന്നൂരിൽ കഴിഞ്ഞ തവണ ചരിത്ര ഭൂരിപക്ഷം നേടി വിജയിച്ച കെകെ ശൈലജയ്ക്ക് ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം വലിയ ക്ഷീണമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam