നിയമസഭാ സമ്മേളനം ഒറ്റദിവസം ചേരും, ധനകാര്യബില്ല് പാസ്സാക്കും, പിരിയും

By Web TeamFirst Published Jul 1, 2020, 5:45 PM IST
Highlights

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നേരത്തേ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ഇപ്പോൾ ധനകാര്യബിൽ പാസ്സാക്കാനാണ് ഒറ്റദിവസം മാത്രം നിയമസഭാ സമ്മേളനം ചേരുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാസമ്മേളനം ഈ മാസം അവസാനം ചേരും. ഒറ്റ ദിവസം മാത്രമാകും നിയമസഭാ സമ്മേളനം നടക്കുക. കക്ഷിനേതാക്കളുടെ യോഗം സ്പീക്കർ ഇന്ന് തിരുവനന്തപുരത്ത് വിളിച്ച് ചേർത്തിരുന്നു. ഈ യോഗത്തിലാണ് ധനകാര്യബില്ല് പാസ്സാക്കാൻ ഒറ്റ ദിവസം മാത്രം യോഗം ചേർന്ന് സമ്മേളനം പിരിയാൻ തീരുമാനിച്ചത്.

സമ്മേളനത്തിൽ സാമൂഹിക അകലം പാലിച്ച് എല്ലാ അംഗങ്ങളും പങ്കെടുക്കും. മാസ്ക്, സാനിറ്റൈസർ എന്നിങ്ങനെ മറ്റ് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാകും സമ്മേളനം. 

എന്നാകും ഒറ്റദിനസമ്മേളനം എന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ജൂലൈ അവസാന ആഴ്ച സമ്മേളനം ചേരാമെന്നാണ് തീരുമാനമായിരിക്കുന്നത്.

ചരിത്രത്തിൽത്തന്നെ അപൂർവമായിട്ടേ കേരള നിയമസഭ ഒറ്റ ദിവസം മാത്രം സമ്മേളനം ചേർന്ന് പിരിഞ്ഞിട്ടുള്ളൂ. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നേരത്തേ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ഏപ്രിൽ 8 വരെയാണ് നിയമസഭാ സമ്മേളനം നടത്താനിരുന്നത്. ധനാഭ്യർത്ഥനകൾ എല്ലാം ഒരുമിച്ച് പാസ്സാക്കുകയാണ് ചെയ്തത്. 

എന്നാൽ സഭാസമ്മേളനം വെട്ടിച്ചുരുക്കുന്നതിൽ പ്രതിപക്ഷം നേരത്തേ എതിർപ്പറിയിച്ചിരുന്നു. ഇത് അനാവശ്യഭീതി സൃഷ്ടിക്കുമെന്നായിരുന്നു പ്രതിപക്ഷവാദം. എന്നാൽ നിലവിൽ സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി നൂറിലധികം കൂടുന്ന സാഹചര്യത്തിൽ സമ്മേളനം ഒറ്റദിവസം അവസാനിപ്പിക്കുന്നതിന് പ്രതിപക്ഷത്തിന്‍റെ പിന്തുണയുമുണ്ട്. 

click me!