സംസ്ഥാന നിയമസഭാ സമ്മേളനം ഈ മാസം 24 ന്; മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തു

By Web TeamFirst Published Aug 12, 2020, 4:19 PM IST
Highlights

ധനബിൽ പാസാക്കാൻ ഈ മാസം 27 ന് നിയമസഭാ സമ്മേളനം തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്ത് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സമ്മേളനം മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം ഈ മാസം 24 ന് നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭ ഗവർണർക്ക് ശുപാർശ നൽകി. ധനബിൽ പാസാക്കുന്നതിനാണ് സമ്മേളനം. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കും ഈ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കും. 

ഒറ്റ ദിവസത്തേക്കാണ് സഭ സമ്മേളിക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെയാകും സമ്മേളനം. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ച് മണിക്ക് നടക്കും.

ഇടതുപക്ഷത്ത് നിന്ന് എൽജെഡിയുടെ സ്ഥാനാർത്ഥിയായി എംവി ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക് മത്സരിക്കും. കർഷക കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ലാൽ വർഗീസ് കൽപ്പകവാടിയാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി.

ധനബിൽ പാസാക്കാൻ ഈ മാസം 27 ന് നിയമസഭാ സമ്മേളനം തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്ത് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സമ്മേളനം മാറ്റിവച്ചു. അന്ന് സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. 

click me!