'കേരള ബാങ്കിന് വീഴ്ചയില്ല, ആത്മഹത്യക്ക് മറ്റ് കാരണങ്ങളുണ്ടോ എന്നതും പരിശോധിക്കണം': ഗോപി കോട്ടമുറിക്കൽ

By Web TeamFirst Published Sep 21, 2022, 12:38 PM IST
Highlights

അഭിരാമിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്നും ജപ്തിയുടെ പേരിൽ തന്നെയാണോ കുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണെന്നും ഗോപി കോട്ടമുറിക്കൽ

തിരുവന്തപുരം: ജപ്തി നടപടിയിൽ മനംനൊന്ത് ശൂരനാട് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെ ന്യായീകരിച്ച് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ. അഭിരാമിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്നും ജപ്തിയുടെ പേരിൽ തന്നെയാണോ കുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പിഴവുണ്ടായോ എന്നതിൽ വിശദമായ പരിശോധന ഉണ്ടാകും. ഇതിനായി ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും കേരള ബാങ്ക് ചെയർമാൻ വ്യക്തമാക്കി. ജപ്തി ബോർഡ് സ്ഥാപിക്കുന്നതിൽ അനാവശ്യ ധൃതി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായോ എന്ന് പരിശോധിക്കുമെന്നും ഗോപി കോട്ടമുറിക്കൽ വ്യക്തമാക്കി. കേരള ബാങ്കിന് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, കൊല്ലം ശൂരനാട് കേരള ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കി. സംഭവം നിർഭാഗ്യകരമാണ്. കേരള ബാങ്ക് പ്രവർത്തിക്കുന്നത് ആർബിഐ മാനദണ്ഡമനുസരിച്ചാണ്. അതുകൊണ്ടാണ് സർഫാസി ആക്ട് അനുസരിച്ച് നോട്ടീസ് അയക്കേണ്ടി വന്നതെന്ന് മന്ത്രി വ്യക്തമാക്കി. സർഫാസി ആക്ടിന് അന്നും ഇന്നും സംസ്ഥാന സർക്കാർ എതിരാണെന്നും വാസവൻ പറഞ്ഞു. 

ശൂരനാട് ആത്മഹത്യ: വീടിന് മുന്നിൽ വലിയ ജപ്തി ബോ‍ർഡ് വച്ചത് നിയമവിരുദ്ധം, റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് മന്ത്രി

കേരള ബാങ്കിനെ അതിന്റെ രൂപീകരണം മുതൽ തന്നെ എതിർക്കുന്ന പ്രതിപക്ഷം, ഈ സംഭവത്തോടെ സർക്കാരിനെതിരായ ആക്ഷേപം കടപ്പിക്കുകയാണ്. കരുവന്നൂരടക്കം സഹകരണ ബാങ്കിൽ നിന്ന് കോടികൾ തട്ടിച്ചവര്‍ വിലസുമ്പോഴാണ് കിടപ്പാടത്തിന്റെ കടം തീര്‍ക്കാനാകാതെ കിട്ടിയ ജപ്തി നോട്ടീസിൽ മനംനൊന്ത് പെൺകുട്ടി ആത്ഹത്യ ചെയ്യേണ്ടി വന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.  സര്‍ഫാസി നിയമം നടപ്പാക്കുനതിന്റെ പേരില്‍ നടത്തുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങൾ തടയുന്നതിന് പ്രത്യേക നിയമ നിർമാണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.  കേരളാ ബാങ്കിന്റെ പതാരം ബ്രാഞ്ചിലേക്ക് വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തി. 

വീട്ടിന്റെ വാതിൽക്കൽ ജപ്തി നോട്ടീസ് പതിച്ചതിൽ മനം നൊന്ത്, കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമി (18) ഇന്നലെയാണ് ജീവനൊടുക്കിയത്. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കരയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ അഭിരാമി വൈകിട്ട് കോളേജിൽ നിന്നും വീട്ടിലെത്തിയ ശേഷമാണ് ജപ്തി നോട്ടീസ് പതിച്ച വിവരം അറിഞ്ഞത്. ഇതിൽ വലിയ മനോവിഷമത്തിലായിരുന്ന കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. നാല് വർഷം മുമ്പാണ് വീടുപണിക്ക് വേണ്ടി കുടുംബം കേരളാ ബാങ്കിന്റെ പതാരം ബ്രാഞ്ചിൽ നിന്ന് 10 ലക്ഷം രൂപ വായ്‌പ എടുത്തത്. ഇതാണ് പലിയടക്കം തിരിച്ചടവ് മുടങ്ങിയതോടെ ജപ്തിയിലേക്ക് എത്തിയത്. 

click me!