
കോട്ടയം: കേരളത്തോട് കേന്ദ്ര സർക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂരോപ്പട പഞ്ചായത്തിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം പിബി അംഗം കൂടിയായ മുഖ്യമന്ത്രി. മാസപ്പടി വിഷയത്തിൽ മൗനം തുടർന്ന അദ്ദേഹം വികസന നേട്ടങ്ങളിൽ ഊന്നി നിന്നാണ് സംസാരിച്ചത്. കെ ഫോണും, വാട്ടർ മെട്രോയും അടക്കം പരാമർശിച്ച പ്രസംഗത്തിൽ കെ റെയിലിനെ കുറിച്ചും അദ്ദേഹം മിണ്ടിയില്ല.
സംസ്ഥാനത്ത് ഓണത്തിനെ പറ്റി വലിയ അങ്കലാപ്പ് ഉണ്ടാക്കാനുള്ള ശ്രമം നടന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓണം വറുതിയുടെയും ഇല്ലായ്മയുടെയുമാകുമെന്ന് വ്യാപകമായ പ്രചാരണം നടന്നു. എന്നാലത് ജനം സ്വീകരിച്ചില്ല. പല പ്രതിസന്ധികളിലൂടെ സംസ്ഥാനം കടന്നു പോവുകയാണ്. ഒരു ഘട്ടത്തിലും കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സഹായിക്കുന്നില്ല. ഓണം വല്ലാത്ത ഘട്ടത്തിലാണ് എത്തിയത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞ്ഞെരുക്കാൻ ശ്രമിക്കുന്നു. കേരളത്തെ അവഗണിക്കുകയും പകപോക്കൽ നടത്തുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നിലപാട് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിൽ ആറ് ലക്ഷത്തിലധികം പേർക്ക് ഓണക്കാലത്ത് കിറ്റുകൾ കൊടുത്തു. കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരു കൂട്ടർ ഇവിടെയുണ്ട്. ഇവിടെ ആരുടെയും പടം വച്ച് കിറ്റ് കൊടുക്കേണ്ട സാഹചര്യമില്ല. അത്തരമൊരു പ്രചരണ രീതി ഇവിടെ വേണ്ടിവരില്ല. ഓണക്കാലത്ത് സപ്ലൈകോയ്ക്ക് എതിരെ പലരും പ്രചാരണം നടത്തി. എന്നാൽ എല്ലാ സപ്ലൈകോ വിപണന കേന്ദ്രങ്ങളും ജനത്തിന് ഉപകാരമായി മാറി. എന്തിനാണ് ഇങ്ങനെ കള്ളപ്രചാരണം നടത്തുന്നത്. ഈ കൂട്ടർക്ക് നാണം ഇല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
യുഡിഫ് കാലത്ത് നിർത്തിവച്ച് പോയ വികസന പദ്ധതികൾ എൽഡിഎഫ് നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വികസന പദ്ധതികളുടെ എണ്ണം കൂടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഐടി മേഖല മെച്ചപ്പെട്ടുവെന്നും കയറ്റുമതി വർധിച്ചുവെന്നും കമ്പനികളുടെ എണ്ണം കൂടിയെന്നും പറഞ്ഞ അദ്ദേഹം ഇതിലൂടെ തൊഴിലവസരങ്ങളും വർധിച്ചുവെന്നും ചൂണ്ടിക്കാട്ടി.
കിഫ്‌ബി വഴി വലിയ വികസനമാണ് കേരളത്തിൽ നടക്കുന്നത്. ശബരിമല വിമാനത്താവളത്തിനുള്ള അനുമതികൾ കിട്ടി വരുന്നുണ്ട്. കെ ഫോൺ യഥാർത്ഥ്യമായതും സർക്കാരിന്റെ നേട്ടമായി അദ്ദേഹം ഉയർത്തിക്കാട്ടി. കൊച്ചി വാട്ടർ മെട്രോ ജനകീയമായി മാറി. രാജ്യത്ത് ഏറ്റവും പുതുമയുള്ളതായി വാട്ടർ മെട്രോ മാറി. ഈ പദ്ധതിക്കുള്ള കൂടുതൽ ബോട്ടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അതിദാരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം 2025 നവംബർ 1 ന് മാറുമെന്നും അദ്ദേഹം പറഞ്ഞു. കിടങ്ങൂർ പഞ്ചായത്തിൽ യുഡിഫ് - ബിജെപി കൂട്ടുകെട്ട് ഇന്ന് തുടങ്ങിയ ബന്ധമല്ലെന്നും നേരത്തെ മുതലുള്ളതാണെന്നും മണിപ്പൂരിലെ കലാപം സംഘപരിവാർ അജണ്ടയാണെന്നും അദ്ദേഹം കണ്ടെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam