കേരളത്തിലെ ബെവ്കോ മദ്യം ലക്ഷദ്വീപിലേക്കും; നിർണായക തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ, വില്‍പ്പനയ്ക്ക് അനുമതി 

Published : Sep 09, 2024, 06:50 AM IST
കേരളത്തിലെ ബെവ്കോ മദ്യം ലക്ഷദ്വീപിലേക്കും; നിർണായക തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ, വില്‍പ്പനയ്ക്ക് അനുമതി 

Synopsis

ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് മദ്യ വിൽപ്പന നടത്താൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചത്.

തിരുവനന്തപുരം: ബെവ്കൊ മദ്യം ലക്ഷദ്വീപിലേക്കും എത്തുന്നു. മദ്യ നിരോധനം മാറ്റി ടൂറിസ്റ്റുകള്‍ക്കായി കേരളത്തിലെ ബെവ്ക്കോയിൽ നിന്നും മദ്യം വാങ്ങാൻ ദ്വീപ് ഭരണകൂടം തീരുമാനിക്കുക ആയിരുന്നു. മദ്യം വിൽക്കാനായി സംസ്ഥാന സർക്കാർ ബെവ്ക്കോയ്ക്ക് അനുമതി നൽകി ഉത്തരവിറക്കി.മദ്യനിരോധനമുള്ള കേന്ദ്രഭരണ പ്രദേശമായിരുന്നു ലക്ഷദ്വീപ്. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് മദ്യ വിൽപ്പന നടത്താൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചത്.

വലിയ പ്രതിഷേധങ്ങള്‍ ഉയർന്നുവെങ്കിലും കഴിഞ്ഞ വർഷം എക്സൈസ് നിയമത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണകൂടം ഭേദഗതി വരുത്തി. ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകൾക്കായി മദ്യവിൽപ്പന നടത്താൻ തീരുമാനം. ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപിലെ സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്വർ ടൂറിസം ആൻറ് സ്പോർട്സ് മാനേജിംഗ് ഡയറക്ടറാണ് എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകിയത്. 

കൊച്ചി-ബേപ്പൂർ തുറമുഖകളിൽ നിന്നും ലക്ഷദ്വീപിലേക്ക് വലിയതോതിൽ മദ്യം വാങ്ങികൊണ്ടുപോവുകയായിരുന്നു ആവശ്യം. അപേക്ഷ പരിശോധിച്ച എക്സൈസ കമ്മീഷണർ ലക്ഷദ്വീപ് അഡ്മിസ്ട്രേഷനുമായി ചർച്ച നടത്തി. മദ്യ വിൽപ്പന നടത്തുന്ന ബെവ്ക്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്ന കച്ചവടമായതിനാൽ അനുമതി ആവശ്യപ്പെട്ട് സർക്കാരിന് എക്സൈസ് കമ്മീഷണർ കത്തു നൽകി.

ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശം കേരളത്തിൽ നിന്നും വലിയതോതിൽ മദ്യം വാങ്ങുന്നത്. അബ്കാരി ചട്ടത്തിൽ ബെവ്ക്കോ വെയ്ർ ഹൗസില്‍ നിന്നും മറ്റൊരു സംസ്ഥാനത്തേക്കോ, കേന്ദ്രഭരണ പ്രദേശത്തേക്കൊ നേരിട്ടൊരു മദ്യവിൽപ്പനക്ക് അനുമതിയില്ല. അതിനാൽ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് വേണമെന്ന് എക്സൈസ് കമ്മീഷണർ ആവശ്യപ്പെട്ടു.

എക്സൈസ് കമ്മീഷണറുടെ അപേക്ഷ പരിഗണിച്ച സർക്കാർ, ഒറ്റത്തവണയായി ലക്ഷദ്വീപിലേക്ക് മദ്യവിൽപ്പന നടത്താൻ ബെവ്ക്കോയ്ക്ക് അനുമതി നൽകി. ഇനി ലക്ഷദ്വീപ് ഭരണകൂടം ഏതൊക്കെ ബ്രാൻഡ് വേണം, എത്ര രൂപക്ക് മദ്യം വേണമെന്നാവശ്യപ്പെട്ട് പ്രത്യേക അപേക്ഷ ബെവ്കോ എഡിക്ക് നൽകണം. ഇതുകൂടാതെ മദ്യം അതിർത്തി കടത്തികൊണ്ടുപോകാൻ എക്സൈസിന്‍റെ പ്രത്യേക അനുമതിയും വേണം. ഈ നടപടി പൂർത്തിയാക്കിയാൽ കോഴിക്കോട്, കൊച്ചി വെയർ ഹൗസുകളിൽ നിന്നും മദ്യം നൽകും.

കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന മദ്യം ഡിസ്ലറികളിൽ നിന്നും കയറ്റുമതി ചെയ്യാൻ മാത്രമാണ് നിലവിൽ എക്സൈസ് ചട്ടത്തിൽ അനുമതിയുള്ളത്. ബെവ്കോ വെയർ ഹൗസിൽ നിന്നും വിൽപ്പന നടത്തണമെങ്കിൽ ചട്ടഭേദഗതികൊണ്ടുവരണം. ലക്ഷദ്വീപിലേതുപോലെ വരുമാനം ലഭിക്കുന്ന അപേക്ഷകള്‍ ബെവ്ക്കോയ്ക്ക് ലഭിക്കാൻ ചട്ടഭേദഗതിയെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. ബെവ്കോയുടെ ഔട്ട് ലൈറ്റ് ലക്ഷദ്വീപിൽ തുടങ്ങണമെന്ന അപേക്ഷയും സർക്കാരിന് മുന്നിലുണ്ട്.

അര്‍ജുൻ മിഷൻ; ഷിരൂരിൽ തെരച്ചിൽ ആരംഭിക്കുന്നതിൽ ഇന്ന് നിർണായക തീരുമാനം, കാലാവസ്ഥ വിലയിരുത്താൻ യോഗം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ