
തൃശൂർ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ഒപ്പം ചേർത്ത് പുതിയ പദ്ധതികളാവിഷ്ക്കരിക്കാൻ ഒരുങ്ങി ബിജെപി. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പ്രശ്നങ്ങളുടലെടുത്തതിന്റെ സാഹചര്യത്തിൽ ക്രിസ്ത്യൻ വോട്ടുകളിൽ ലക്ഷ്യം വെക്കണമെന്ന് യോഗത്തിൽ പൊതു അഭിപ്രായമുയർന്നതായാണ് വിവരം. ഇതിനായി താഴെത്തട്ട് മുതൽ പ്രവർത്തനം നടത്തണം. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ പ്രത്യേക കർമ്മ പദ്ധതി രൂപീകരിക്കാനും സംസ്ഥാന നേതൃത്വ യോഗത്തിൽ തീരുമാനമായി.
യുഡിഎഫും എൽഡിഎഫും മുസ്ലീം പ്രീണനം നടത്തുന്നുവെന്ന പ്രചാരണം ശക്തമാക്കാനും തൃശ്ശൂരിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന പ്രമുഖരായ നേതാക്കളുടെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം സംബന്ധിച്ചും യോഗത്തിൽ ചർച്ചകളുണ്ടായി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ .യോഗത്തിൽ ഇത്തവണ താൻ മത്സരരംഗത്തേക്കില്ലെന്ന നിലപാടെയുത്തെങ്കിലും അത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് സി.പി രാധാകൃഷ്ണൻ അറിയിച്ചു.
അതിനിടെ നേതൃത്വവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാത്ത സാഹചര്യത്തിൽ സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്നും ശോഭാ സുരേന്ദ്രൻ വിട്ടു നിന്നു. പ്രശ്നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുകയാണെന്നാണ് ശോഭയുടെ പരാതി. താൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാത്തിടത്തോളം യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ശോഭ ആവർത്തിച്ചു. അതേ സമയം ശോഭ സുരേന്ദ്രനുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും യോഗങ്ങളിൽ പങ്കെടുക്കാത്തതെന്താണെന്ന് അവരോട് തന്നെ ചോദിക്കണമെന്നാണ് ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam