സുരേന്ദ്രന് തുടക്കം തന്നെ എതിര്‍പ്പ്, ഉടക്കിയത് മുതിര്‍ന്ന നേതാക്കള്‍; അധ്യക്ഷസ്ഥാനം എന്നും ബിജെപിക്ക് തലവേദന

By Web TeamFirst Published Feb 27, 2020, 3:30 PM IST
Highlights

കെ സുരേന്ദ്രന്‍റെ നേതൃത്വത്തെ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് പികെ കൃഷ്ണദാസ് പക്ഷ നേതാക്കളെല്ലാം എടുത്തിരിക്കുന്നത്. കെ സുരേന്ദ്രന് കീഴിൽ പ്രവര്‍ത്തിക്കാനാകില്ലെന്നും പാര്‍ട്ടി പദവികൾ ഏറ്റെടുക്കാനുമില്ലെന്ന ഉറച്ച തീരുമാനം അനുനയ ചര്‍ച്ചകളിലും എ എൻ രാധാകൃഷ്ണനും എംടി രമേശും ആവര്‍ത്തിച്ചു. ശോഭ സുരേന്ദ്രന്‍റെ നിലപാടും മറ്റൊന്നല്ല

തിരുവനന്തപുരം: വര്‍ഷങ്ങളായി കേരളത്തിലെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ബിജെപിക്ക് തീരാ തലവേദനയാണ്. വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മൂന്ന് ടേമുകളില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്മാര്‍. ഗ്രൂപ്പ് പോരും ആര്‍എസ്എസ്-ബിജെപി അഭിപ്രായവിത്യാസങ്ങളുമെല്ലാം പാര്‍ട്ടിക്ക് അന്നും കല്ലുകടിയായി. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍  കേരളമെന്ന ബാലികേറാമല കടക്കാന്‍ ബിജെപിയുടെ പുതിയ അസ്ത്രമായിരുന്നു കെ സുരേന്ദ്രന്‍റെ അധ്യക്ഷ സ്ഥാനം. മാസങ്ങളോളം ഒഴിഞ്ഞുകിടന്ന ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രന്‍റെ വരവും പാര്‍ട്ടിക്കുള്ളിലെ രൂക്ഷമായ പോരിന് പിന്നാലെയായിരുന്നു.

ശബരിമല പ്രതിഷേധം കൊണ്ട് പാര്‍ട്ടിയില്‍ പകിട്ട് ഉയര്‍ന്ന സുരേന്ദ്രനെ അധ്യക്ഷ പദവിയില്‍ വാഴിച്ചതിലെ ചരടുകള്‍ ബിജെപിയുടെ ദേശീയ നേതൃത്വം മുന്നില്‍ നിന്നാണ് വലിച്ചത്. കുമ്മനം രാജശേഖരന്‍, പി എസ് ശ്രീധരന്‍പിള്ള എന്നിങ്ങനെ അടുത്ത കാലത്ത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിയവരില്‍ നിന്ന് കെ സുരേന്ദ്രന് മാത്രം ഒരു വ്യത്യാസമുണ്ട്.

കുമ്മനവും ശ്രീധരന്‍പിള്ളയും അപ്രതീക്ഷിതമായി പാര്‍ട്ടിയുടെ സംസ്ഥാനത്തെ അമരക്കാരായവരാണ്. പക്ഷേ, വെട്ടുകള്‍ കിട്ടിയിട്ടും മുറിച്ചിട്ടടത്ത് നിന്ന് വീണ്ടും മുളച്ചു പൊന്തിയാണ് സംസ്ഥാന ബിജെപിയിലെ പല പ്രമുഖരുടെയും എതിര്‍പ്പുകള്‍ മറികടന്ന് സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിയത്.

അധ്യക്ഷന് വേണ്ടിയുള്ള കാത്തിരിപ്പുകള്‍

2018 മേയിലാണ് കുമ്മനത്തെ മിസോറാം ഗവര്‍ണറായി നിയമിക്കുന്നത്. പിന്നീട് രണ്ട് മാസത്തോളം സംസ്ഥാന ബിജെപിയിലെ തര്‍ക്കങ്ങള്‍ മൂലം അധ്യക്ഷ പദവി ഒഴിഞ്ഞുകിടന്നു. കെ സുരേന്ദ്രന്‍ അധ്യക്ഷനാകുമെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് അന്ന് ഉയര്‍ന്നുകേട്ടത്. എന്നാല്‍, വി മുരളീധര പക്ഷത്ത് നിന്നുള്ള സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതില്‍ വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു.

ആര്‍എസ്എസ് കൂടെ സ്വരം കടുപ്പിച്ചതോടെ അഭിഭാഷകനും ബിജെപിയിലെ ഇരു വിഭാഗങ്ങള്‍ക്കും സ്വീകാര്യനുമായ ശ്രീധരന്‍ പിള്ളയെ അധ്യക്ഷ പദവിയിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം നിയമിക്കുകയായിരുന്നു. 2019 ഒക്ടോബറില്‍ ശ്രീധരന്‍ പിള്ളയുടെ മിസോറാമിലേക്ക് ഗവര്‍ണറായി പോയത്. വീണ്ടും നാല് മാസക്കാലം സംസ്ഥാന ബിജെപി നാഥനില്ലാതെ മുന്നോട്ട് പോയി. പല പേരുകളും മാറി മാറി പറഞ്ഞു കേട്ടപ്പോള്‍ അവസാന നറുക്ക് വീണത് സുരേന്ദ്രന് തന്നെ.

അധികാരം ഉറപ്പിച്ച മുരളീധരപക്ഷം

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതോടെ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ മുരളീധരപക്ഷം അപ്രമാദിത്വം ഉറപ്പിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രിയായി വി മുരളീധരനും അധ്യക്ഷനായി കെ സുരേന്ദ്രനും എത്തിയതോടെ കൃഷ്ണദാസ് പക്ഷത്തിനാണ് വലിയ ക്ഷീണം സംഭവിച്ചത്. സുരേന്ദ്രനാപ്പം സംസ്ഥാന അധ്യക്ഷ പക്ഷത്തേക്ക് പരിഗണിച്ചിരുന്ന എം ടി രമേശും എ എന്‍ രാധാകൃഷ്ണനും ശോഭ സുരേന്ദ്രനും കലാപകൊടി ഉയര്‍ത്തി കഴിഞ്ഞു.

സുരേന്ദ്രന്‍ അധ്യക്ഷപദവി ഏറ്റെടുക്കുന്ന ചടങ്ങില്‍ പോലും ഈ തര്‍ക്കത്തിന്‍റെ പ്രതിഫലനം ഉണ്ടായി. യുവമോര്‍ച്ചയിലൂടെ കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന സുരേന്ദ്രനോട് സംസ്ഥാനത്തെ ആര്‍എസ്എസിനും അത്ര ഊഷ്മളമായ ബന്ധമല്ല ഉള്ളത്. കുമ്മനത്തിന് പകരം സുരേന്ദ്രന്‍റെ പേര് ഉയര്‍ന്നപ്പോള്‍ തടയിട്ടത് ആര്‍എസ്എസായിരുന്നു. പക്ഷേ, ശബരിമല സമരത്തിലൂടെ കരുത്തനായി മാറിയതോടെ ആ എതിര്‍പ്പും സുരേന്ദ്രന് മാറ്റിയെടുക്കാനായി. 

തുടരുന്ന പക്ഷങ്ങള്‍ തിരിഞ്ഞുള്ള അടികള്‍

ഏത് വഴിയിലൂടെയും കേരളത്തില്‍ സ്വാധീനം നേടാനുള്ള ശ്രമങ്ങളിലാണ് ബിജെപി. പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യത്ത് തന്നെ ഏറ്റവും കരുത്തുറ്റ പ്രതിഷേധം നടക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഈ അവസ്ഥയില്‍ ഇവിടെ പാര്‍ട്ടിയെ ഏകോപിപിപ്പിച്ച് കൊണ്ട് പോവുക എന്ന വലിയ ദൗത്യമാണ് സുരേന്ദ്രന് മുന്നിലുള്ളത്. വരാന്‍ പോകുന്ന കുട്ടനാട് ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കുക എന്ന വലിയ ലക്ഷ്യവും സുരേന്ദ്രന് മുന്നിലുണ്ട്.

ഒപ്പം ആദ്യമായി കേരള നിയമസഭയില്‍ വിജയിപ്പിച്ച് കയറിയ സീറ്റ് നിയമസഭ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്തി കൂടുതല്‍ മണ്ഡലങ്ങളില്‍ പാര്‍ട്ടിയെ വിജയിപ്പിക്കുകയും വേണം. പാര്‍ട്ടിയുടെ വിവിധ മേഖലകളില്‍ സ്വാധീനമുള്ള എം ടി രമേശിന്‍റെും എ എന്‍ രാധാകൃഷ്ണന്‍റെയും ശോഭ സുരേന്ദ്രന്‍റെയും തര്‍ക്കനിലപാട് തുടര്‍ന്നാല്‍ ശ്രീധരന്‍പിള്ളയുടെ ഗതി തന്നെയാകും സുരേന്ദ്രനെ കാത്തിരിക്കുന്നത്.

കാലങ്ങളായി ബിജെപിയില്‍ പക്ഷങ്ങള്‍ തിരിഞ്ഞുള്ള  പ്രശ്നങ്ങള്‍ തുടരുകയാണ്. വി മുരളീധരനും കുമ്മനവും ശ്രീധരന്‍പിള്ളയും അധ്യക്ഷ പദവിയില്‍ വന്നപ്പോഴും ഇതില്‍ ഒരു മാറ്റവും വന്നില്ല. ഈ തമ്മിലടി തുടരുമെന്ന് തന്നെയാണ് പുതിയ സംഭവവികാസങ്ങളും സൂചിപ്പിക്കുന്നത്. 

എതിര്‍പ്പ് ഉയര്‍ത്തുന്ന പ്രധാനികള്‍

കെ സുരേന്ദ്രന്‍റെ നേതൃത്വത്തെ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് പികെ കൃഷ്ണദാസ് പക്ഷ നേതാക്കളെല്ലാം എടുത്തിരിക്കുന്നത്. കെ സുരേന്ദ്രന് കീഴിൽ പ്രവര്‍ത്തിക്കാനാകില്ലെന്നും പാര്‍ട്ടി പദവികൾ ഏറ്റെടുക്കാനുമില്ലെന്ന ഉറച്ച തീരുമാനം അനുനയ ചര്‍ച്ചകളിലും എ എൻ രാധാകൃഷ്ണനും എംടി രമേശും ആവര്‍ത്തിച്ചു.

ശോഭ സുരേന്ദ്രന്‍റെ നിലപാടും മറ്റൊന്നല്ല. ഇതോടെ ഗ്രൂപ്പ് നോക്കി മാത്രം മണ്ഡലം, ജില്ലാ പ്രസിഡന്‍റുമാരെ തീരുമാനിക്കുന്നുവെന്ന പരാതി ദേശീയ നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കാനൊരുങ്ങുകയാണ് കൃഷ്ണദാസ് പക്ഷം. കാസർകോഡ് രവീശ തന്ത്രി കുണ്ടാര്‍ ഉയർത്തിയ പരസ്യ വിമർശനവും സുരേന്ദ്രനെതിരെ ആയുധമാക്കാനാണ് എതിര്‍ പക്ഷത്തിന്‍റെ നീക്കം. 

click me!