Published : Feb 07, 2025, 06:03 AM ISTUpdated : Feb 07, 2025, 12:02 PM IST

Kerala Budget Live: നികുതി കൂട്ടി, പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ല; വികസനത്തിൽ ഊന്നി ബജറ്റ്

Summary

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റുമായി ധനമന്ത്രി. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ സംസ്ഥാനത്ത് വികസനവും ക്ഷേമവും മുൻനിർത്തിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ മേഖലയുടെ വളർച്ചയ്‌ക്കൊപ്പം നിക്ഷേപ സമാഹരണത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. വിഴിഞ്ഞത്തിന് ഊന്നൽ നൽകിയ ബജറ്റ് വയനാടിനെയും കൈവിട്ടില്ല.

Kerala Budget Live: നികുതി കൂട്ടി, പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ല; വികസനത്തിൽ ഊന്നി ബജറ്റ്

11:40 AM (IST) Feb 07

പൊതുകടം 40000 കോടി

മൂലധന ചെലവ് 16871.80 കോടി 

പൊതു കടം 40848.21 കോടി 

ബജറ്റ് പ്രഖ്യാപിച്ച അധിക ചെലവ് 1820.50 കോടി

11:36 AM (IST) Feb 07

ക്ഷേമ പെൻഷൻ കൂട്ടിയില്ല, ബജറ്റ് അവതരണം അവസാനിച്ചു

സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. കോടതി ഫീസും ഭൂനികുതിയും വർധിപ്പിച്ചു. നിക്ഷേപ പ്രോത്സാഹനവും അടിസ്ഥാന സൗകര്യ വികസനവും വയനാട് പുനരധിവാസ പാക്കേജുമായിരുന്നു ബജറ്റിൻ്റെ അകക്കാമ്പുകളിൽ പ്രധാനം.

11:33 AM (IST) Feb 07

ട്രംപിനെതിരെ രൂക്ഷ വിമർശനം

അനധികൃത കുടിയേറ്റ വിഷയത്തിലും ഗാസ മുനമ്പിനെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്നുമുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിലപാടുകളെ ബജറ്റ് പ്രസംഗത്തിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ വിമർശിച്ചു. 

 

11:30 AM (IST) Feb 07

പാട്ടം നിരക്കിലും വർധന

സർക്കാർ ഭൂമിയുടെ പാട്ടം നിരക്കിൽ പരിഷ്ക്കാരം വരുത്തും. പാട്ട നിരക്ക് കുടിശിക തീർപ്പാക്കാൻ ഒറ്റത്തവണ പദ്ധതി നടപ്പാക്കും. 

11:29 AM (IST) Feb 07

ഭൂനികുതി കൂട്ടി

ഭൂനികുതി സ്ലാബുകൾ 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

11:25 AM (IST) Feb 07

ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിൽ മാറ്റം

സ്റ്റേജ് കര്യേജ് വാഹനങ്ങളുടെ നികുതി കുറയ്ക്കും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കും. വില അനുസരിച്ചു നികുതിയിൽ മാറ്റം. 

11:23 AM (IST) Feb 07

ശമ്പള വർധന

ദിവസം വേതനക്കാരുടെ വേതനം 5 ശതമാനം കൂട്ടും

11:23 AM (IST) Feb 07

ഫീസ് വർധനവുകൾ

വികെ മോഹൻ കമ്മിറ്റി ശുപാർശ അനുസരിച്ച് ഫീസുകൾ ഉയർത്താൻ തീരുമാനം. കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്‌കരിക്കും. സീറ്റ് എണ്ണം അനുസരിച്ചു മാറ്റം വരും. 

11:20 AM (IST) Feb 07

കെഎഫ്‌സിയുടെ ഓഹരി മൂലധനം കൂട്ടും

കെഎഫ്‌സിയുടെ ഓഹരി മൂലധനം 300 കോടിയിൽ നിന്ന് 600 കോടി ആക്കി ഉയ‍ർത്തി. ഉടൻ 200 കോടി കൂടി കൂട്ടും. സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റ് ലഭ്യത ഉറപ്പാക്കാൻ കോമൺ പൂൾ സംവിധാനം കൊണ്ടുവരും. മെഡിസെപ് പദ്ധതി ഇൻഷുറൻസ് പദ്ധതി പുതുക്കാൻ വിവിധ കമ്പനികളുമായി ചർച്ച നടത്തും. 

11:19 AM (IST) Feb 07

ഒരു ഗഡു ഡി എ കൂടി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഒരു ഗഡു ഡി എ കൂടി 2025 ഏപ്രിലിൽ അനുവദിക്കും. സർക്കാർ ജീവനക്കാർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മാതൃകയിലാണ് അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുകയെന്നും ധനമന്ത്രി അറിയിച്ചു.

11:16 AM (IST) Feb 07

അഷ്വേർഡ് പെൻഷൻ പദ്ധതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2630 കോടി ചെലവഴിച്ചു. മെഡിസെപ് പദ്ധതിയിൽ 1668 കോടി രൂപ അനുവദിച്ചു. 1605 കോടിയും സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവിനത്തിലാണ് നൽകിയത്. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കും.

11:13 AM (IST) Feb 07

ഹൈക്കോടതിയുടെ ആധുനികവത്കരണത്തിന് വിഹിതം

ജുഡീഷ്യൽ അക്കാദമിയുടെയും ഹൈക്കോടതിയുടെയും  ആധുനിക വൽക്കരണം ലക്ഷ്യമിട്ട് 17.04 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 

11:12 AM (IST) Feb 07

നവ കേരള സദസിനുള്ളത്...

നവ കേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി കൂടി അനുവദിച്ചു. നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 7 കോടിയുടെ വികസനവും അടിസ്ഥാന സൗകര്യത്തിനായി 210 കോടിയും നീക്കിവച്ചു.

11:04 AM (IST) Feb 07

ന്യൂനപക്ഷ ക്ഷേമത്തിന് കൂടുതൽ തുക

പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനുള്ള പദ്ധതികൾക്ക് 3200 കോടി നീക്കിവച്ചു. ന്യൂനപക്ഷ ക്ഷേമത്തിനായി 105 കോടി. വിവിധ സ്കോളർഷിപ്പ് പദ്ധതികൾക്കായി 9 കോടിയും ഇമ്പിച്ചിബാവ ഭവന പദ്ധതിക്കായി അഞ്ച് കോടിയും നീക്കിവച്ചു. 

11:00 AM (IST) Feb 07

നോർക്കയ്ക്ക് 101 കോടി

ക്ഷേമനിധി ബോർഡുകൾ വഴി 2703 കോടിയുടെ ആനുകൂല്യം നൽകി. നോർക്കയ്ക്കായി 101.83 കോടി വകയിരുത്തി. ക്ഷേമനിധി പ്രവർത്തനത്തിന് 23 കോടിയും നീക്കിവച്ചു. 

10:46 AM (IST) Feb 07

സിഎം റിസർച്ച് സ്കോളർഷിപ്പ്

സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവേഷണ പഠനം നടത്തുന്ന മറ്റ് ഫെലോഷിപ്പുകൾ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ നൽകുന്നതാണ് പദ്ധതി. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് 21 കോടി രൂപ. സർക്കാർ തിയേറ്ററുകളിൽ ഇ-ടിക്കറ്റ് സംവിധാനം ഉണ്ടാക്കാൻ 2 കോടി രൂപയും നീക്കിവച്ചു. 

10:42 AM (IST) Feb 07

സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്ക് 402  കോടി

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക തീർത്തുവെന്ന് ധനമന്ത്രി അറിയിച്ചു. അടുത്ത ഗഡുവിന് പണം നീക്കിവച്ചതായും അദ്ദേഹം അറിയിച്ചു. സമഗ്ര ശിക്ഷ അഭിയാന് 20.5 കോടി നീക്കിവച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് 402  കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

 

10:40 AM (IST) Feb 07

കെഎസ്ആർടിസിക്ക് സഹായം, പൊന്മുടിയിൽ റോപ് വേ

കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപയും പുതിയ ബസ് വാങ്ങാൻ 107 കോടി രൂപയും നീക്കിവച്ചു. ഹൈദ്രാബാദിൽ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപ പ്രാഥമികമായി നീക്കിവച്ചു. ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചു. 

10:30 AM (IST) Feb 07

ഐടി നയം അന്തിമ ഘട്ടത്തിൽ

സംസ്ഥാനത്ത് പുതിയ ഐടി നയം അന്തിമ ഘട്ടത്തിലാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 15.7 കോടി ഖാദി മേഖലയ്ക്ക് നീക്കിവച്ചെന്നും 56.8 കോടി കൈത്തറി മേഖലയ്ക്കും വകയിരുത്തിയതായി അദ്ദേഹം അറിയിച്ചു. സ്റ്റാർട്ടപ്പ് മിഷന് 90 കോടി നീക്കിവച്ചു. 

10:27 AM (IST) Feb 07

റബ്‌കോയ്ക്ക് 10 കോടി

റബ്‌കോ നവീകരണത്തിന് പത്തു കോടി അനുവദിച്ചു. കുടുംബശ്രീയ്ക്ക് 270 കോടി അനുവദിച്ചു. സാധ്യമായ ഇടങ്ങളിൽ ചെറുകിട ജല വൈദ്യുതി പദ്ധതികൾ തുടങ്ങും. 

10:18 AM (IST) Feb 07

വനം വന്യജീവി സംരക്ഷണത്തിന് 305 കോടി

വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർ ആർ ടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ ആന സംരക്ഷണകേന്ദ്രത്തിന് രണ്ടുകോടി അനുവദിച്ചു. പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി നീക്കിവച്ചു. വയനാട് പാക്കേജിന് 10 കോടി കൂടി അനുവദിച്ചു. 

10:16 AM (IST) Feb 07

റിപ്പോ നിരക്കില്‍ മാറ്റം

അ‍ഞ്ച് വർഷത്തിന് ശേഷം ആദ്യമായി റിസർവ് ബാങ്കിൻ്റെ പണനയ അവലോകന സമിതി റിപ്പോ നിരക്ക് കുറച്ചു. 6.50 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായാണ് കുറച്ചത്. ആദായ നികുതി ഇളവ് ചെയ്ത കേന്ദ്രസർക്കാർ ലക്ഷ്യം രാജ്യത്ത് മധ്യവർഗ ഉപഭോഗം വർധിപ്പിക്കുകയായിരുന്നു. ഇതിന് കരുത്തേകുന്ന തീരുമാനമാണ് റിസർവ് ബാങ്കും സ്വീകരിച്ചത്. ഇതോടെ വായ്പാ പലിശ നിരക്ക് കുറയും. അതുവഴി തിരിച്ചടവ് തവണ തുകയിലും മാറ്റം വരും.

10:08 AM (IST) Feb 07

എംടിക്ക് തുഞ്ചൻ പറമ്പിൽ സ്മാരകം

വന്യജീവി ആക്രമണം തടയാൻ 50 കോടി യുടെ പദ്ധതി ആരംഭിക്കും. തുഞ്ചൻ പറമ്പിന് സമീപം എംടിക്ക് സ്മാരകം നിർമിക്കാൻ 5 കോടി നീക്കിവച്ചു. സീ പ്ലെയിൻ ടൂറിസം പദ്ധതിക്ക് 20 കോടി രൂപയും വൈക്കം സ്മാരകത്തിന് 5 കോടി രൂപയും നെല്ല് വികസന പദ്ധതിയ്ക്ക് 15 കോടി രൂപയും നീക്കിവെക്കും.

10:07 AM (IST) Feb 07

ഫിനാൻഷ്യൽ കോൺക്ലേവ് സംഘടിപ്പിക്കും

സംസ്ഥാനത്ത് ഫിനാൻഷ്യൽ കോൺക്ലേവ് സംഘടിപ്പിക്കും. ഫിനാൻഷ്യൽ ലിറ്ററസി കോൺക്ലേവും സംഘടിപ്പിക്കും. ഇതിനായി രണ്ടുകോടി രൂപ അനുവദിച്ചു. 

10:07 AM (IST) Feb 07

തുഞ്ചൻ പറമ്പിന് സമീപം സ്മാരകത്തിന് 5 കോടി

തുഞ്ചൻ പറമ്പിന് സമീപം സ്മാരകത്തിന് 5 കോടി ബജറ്റിൽ വകയിരുത്തി. 

09:58 AM (IST) Feb 07

സിറ്റിസൺ ബജറ്റ്

സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങൾ ഉൾക്കൊള്ളുന്ന സിറ്റിസൺ ബജറ്റ് ഈ വർഷം മുതൽ അഴതരിപ്പിക്കും.

09:56 AM (IST) Feb 07

സർക്കാരിന് വാഹനം വാങ്ങാൻ 100 കോടി

പഴയ സർക്കാർ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടി നീക്കിവെച്ചു. പഴഞ്ചൻ സർക്കാർ വണ്ടികൾ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

 

09:55 AM (IST) Feb 07

കിഫ്ബി വഴി വരുമാനം, തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്

സംസ്ഥാനത്ത് 1147 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി. കിഫ്ബി വഴി വരുമാനം കണ്ടെത്താൻ പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി പഠനം നടത്തും. തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് അനുവദിച്ചു. വിഴിഞ്ഞത്തിന്റെ വാണിജ്യ സാധ്യതകൾ പരമാവധി ഉപയോഗിക്കും. 

09:52 AM (IST) Feb 07

സഹകരണ ഭവന പദ്ധതി, ന്യൂ ഇന്നിങ്സ് ബിസിനസ് പ്ലാൻ

സഹകരണ ഭവന പദ്ധതി ആവിഷ്‌കരിച്ചു. ഇടത്തരം വരുമാനമുള്ളവർക്കായാണ് ഭവന പദ്ധതി. നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ നിർമ്മിക്കാൻ ഇതിലൂടെ സഹായം നൽകും. പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശ വകുപ്പുകളും ഹൗസിംഗ് ബോർഡും പദ്ധതി തയ്യാറാക്കും. പലിശ സബ്സിഡിക്ക് 25 കോടി വകയിരുത്തി. മുതിർന്ന പൗരൻമാർക്ക് ഓപ്പൺ എയർ വ്യായാമ കേന്ദ്രങ്ങൾ ആരംഭിക്കും. ന്യൂ ഇന്നിംഗ്സ് എന്ന പേരിൽ മുതിർന്ന പൗരൻമാർക്ക് ബിസിനസ് പദ്ധതികൾക്കും സഹായം. 

09:50 AM (IST) Feb 07

ബിനാലേക്ക് ഏഴ് കോടി

ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലാണ് കെ ഹോംസ് ആരംഭിക്കുന്നത്. ബയോ എഥനോൾ വാണിജ്യടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കും. കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി അനുവദിച്ചു. നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ് മിഷന് ഒരു കോടി രൂപ അനുവദിക്കും. 

09:44 AM (IST) Feb 07

വരുന്നൂ കെ-ഹോം

സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നു.

09:41 AM (IST) Feb 07

ഐടി കമ്പനികൾക്ക് സർക്കാർ ഭൂമി

കണ്ണൂർ ഐടി പാർക്ക് 293.22 കോടി കിഫ്ബിയിൽ നിന്ന് നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയോ സർക്കാരിൻ്റെയോ സ്ഥലത്ത് ഐടി പാർക്ക് സ്ഥാപിക്കാൻ സാധിക്കും. വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കും. കിഫ്ബിക്ക് വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഐടി പാർക്കുകൾ ആരംഭിക്കുന്നത്. 

09:38 AM (IST) Feb 07

തീരദേശ പാത പൂർത്തിയാക്കും

സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കും. തിരുവനന്തപുരം ഔട്ടർ ഏര്യാ ഗ‌്രോത്ത് കൊറിഡോറിന് അംഗീകാരം നൽകി. ഒഎൻജിസിയെ ചുറ്റി എട്ട് പ്രത്യേക സാമ്പത്തിക മേഖലകൾ രൂപീകരിക്കും. ലാന്റ് പൂളിംഗ് വഴി സ്ഥലം ഏറ്റെടുക്കും.

09:36 AM (IST) Feb 07

വിഴിഞ്ഞത്തെ വളർത്താൻ പദ്ധതി

വിഴിഞ്ഞത്തെ പ്രധാന ട്രാൻൻഷിപ്മെന്റ് തുറമുഖമാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിനായി ബൃഹദ് പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളർത്തും. കോവളം ബേക്കൽ ഉൾനാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നൽകും. എൻഎച്ച് 66, പുതിയ ഗ്രീൻ ഫീൽഡ് ദേശീയപാത എന്നിവ വിഴിഞ്ഞം വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.

09:34 AM (IST) Feb 07

സാമ്പത്തിക വളർച്ചയ്ക്കായി കർമ്മ പദ്ധതി

വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും. കേരളം സാമ്പത്തിക വികസനത്തിലേക്ക് കടക്കുന്നു. പുതിയ കർമ്മ പദ്ധതി ഇതിനായി ആവിഷ്കരിച്ചു. പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള നിക്ഷേപം സമാഹരിക്കും. സർക്കാർ ഭൂമി നിക്ഷേപത്തിന് പ്രയോജനപ്പെടുത്തും. ഭൂമി ഇല്ലാത്തതിന്റെ പേരിൽ ഒരു നിക്ഷേപകനും പിന്മാറേണ്ടിവരില്ല. നിക്ഷേപ സഹായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. 

09:30 AM (IST) Feb 07

റോഡിനും പാലത്തിനും 3061 കോടി

കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും. 3061 കോടി സംസ്ഥാനത്ത് റോഡുകൾക്കും പാലങ്ങൾക്കുമായി അനുവദിച്ചു. കിഫ്ബി പദ്ധതികൾക്ക് പുറമെ

09:25 AM (IST) Feb 07

തനത് നികുതിയിൽ വർദ്ധന

സംസ്ഥാനത്തിൻ്റെ ധന സ്ഥിതി മെച്ചപ്പെട്ടതിന് കാരണം തനത് നികുതി വർദ്ധനയാണ്. 47660 കോടിയിൽ നിന്ന് 81000 കോടിയിലേക്ക് നാല് വർഷം കൊണ്ട് വ‍ർധിപ്പിക്കാനായി. ധനകമ്മി 2.9% ആയി കുറഞ്ഞു. അനാവശ്യ ചെലവ് ഒഴിവാക്കിയും ചെലവിന് മുൻഗണന തീരുമാനിച്ചുമാണ് പിടിച്ച് നിന്നത്. റവന്യു കമ്മി 1.58% ആയി കുറക്കാൻ സാധിച്ചു. സർക്കാരിൻ്റെ ചെലവുകൾ കൂടി. മുൻകാല ബാധ്യതകൾ കൊടുത്തുതീർക്കാനായത് കൊണ്ടാണ് ധനസ്ഥിതി മെച്ചപ്പെടുമെന്ന് പറയുന്നത്. കിഫ്‌ബിയോട് കേന്ദ്രം എതിർപ്പ് ഉയർത്തുന്നു. മുഴുവൻ കിഫ്ബി പദ്ധതികളുടെയും ഭാരം സംസ്ഥാന ബജറ്റിന് മേലായി. സംസ്ഥാന ബജറ്റിൽ നിന്നാണ് ഇപ്പോൾ പണം കണ്ടെത്തുന്നത്. 

09:22 AM (IST) Feb 07

കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനം

സംസ്ഥാനത്തിൻ്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണ്. ധനകമ്മീഷൻ ഗ്രാന്റ് തുടർച്ചയായി വെട്ടിക്കുറക്കുന്നു. പദ്ധതി വിഹിതം വെട്ടികുറക്കുന്നു. കടമെടുക്കാൻ അനുവദനീയമായ പരിധിപോലും അനുവദിക്കുന്നില്ല. കിഫ്‌ബി വായ്പ കടമായി കണക്കാക്കുന്നു. കിഫ്ബി വായ്പ മുൻകാല പ്രാബല്യത്തോടെയാണ് കടപരിധിയിൽപെടുത്തിയത്. 14ാം ധനക്കമ്മീഷനിൽ ഗ്രാൻ്റ് കൂടുമെന്ന് കരുതുന്നു. ഏതെങ്കിലും സംസ്ഥാനത്തിന് ഇനിയും ഗ്രാൻ്റ് കുറയ്ക്കാൻ ധനക്കമ്മീഷന് സാധിക്കാത്ത സ്ഥിതിയാണ്.

09:19 AM (IST) Feb 07

തിരുവനന്തപുരത്ത് മെട്രോ റെയിൽ

തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കും.  കൊച്ചി മെട്രോയുടെ വികസനം തുടരും. തെക്കൻ കേരളത്ത്ൽ കപ്പൽ ശാല തുടങ്ങാൻ കേന്ദ്ര സഹകരണം  തേടും. വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള മുഴുവൻ ചെലവും വഹിച്ചത് കേരളമാണ്. 

09:18 AM (IST) Feb 07

ലോക കേരളം കേന്ദ്രം തുടങ്ങും

പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലോക കേരളം കേന്ദ്രം തുടങ്ങും. അതിവേഗപാതയ്ക്കായി ശ്രമം തുടരും. വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച നിലയിലുള്ള സഹായം ലഭിക്കുന്നില്ല. എങ്കിലും ചർച്ചകൾ തുടരും