
തിരുവനന്തപുരം: കേരളത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം താഴേക്ക് പോകുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതിലും ആശങ്ക രേഖപ്പെടുത്തി സംസ്ഥാന ബജറ്റ്. 2024-ൽ കേരളത്തിൽ 3.48 കുഞ്ഞുങ്ങളാണ് ജനിച്ചത്. 2014-ൽ ഇത് 5.34 ലക്ഷമായിരുന്നു. ഇരുപത് വർഷം മുൻപ് 6 ലക്ഷത്തിന് മുകളിൽ കുട്ടികൾ ജനിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ കുട്ടികളുടെ എണ്ണം പാതിയായി കുറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനസംഖ്യാ പരിണാമവുമായി കൂട്ടിച്ചേർത്തുവേണം കേരളത്തിൽ നിന്നും പുറത്തേക്കുള്ള കുടിയേറ്റത്തെയും കാണാനെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. എല്ലാത്തരം പ്രവാസത്തെയും കണ്ണുമടച്ച് പ്രോത്സാഹിപ്പിക്കുന്ന സമീപനം തിരുത്തേണ്ടതുണ്ട്. കേരളത്തിൽ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന വിദഗ്ദ്ധ തൊഴിലാളികളുടെ പോലും ക്ഷാമം അനുഭവപ്പെടുമ്പോൾ കേരളീയർ വിദേശത്ത് ഒട്ടും അഭിലഷണീയമല്ലാത്ത സാഹചര്യങ്ങളിൽപ്പെട്ട് പണിയെടുക്കുന്ന സ്ഥിതിയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
പ്രവാസം ഒട്ടേറെപ്പേർക്ക് വലിയ നഷ്ടക്കച്ചവടമായിത്തീരുന്ന അനുഭവമുണ്ട്. വിദേശത്തെ തൊഴിൽ കമ്പോളത്തെക്കുറിച്ച് ശരിയായ ധാരണയില്ലാതെയുള്ള കുടിയേറ്റമാണ് ഇതിനുകാരണം. വിദ്യാർത്ഥികളുടെ കുടിയേറ്റത്തിലും ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് സെല്ലുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നാണ് ഇതിനൊരു പരിഹാരമെന്ന നിലയിൽ ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്. 2024-ലെ കണക്കുകളനുസരിച്ച് പ്രവാസികളയക്കുന്ന വിദേശ നാണയത്തിൻ്റെ (Remittance) കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാണ്. 2023-ലെ കേരള കുടിയേറ്റ സർവ്വേ പ്രകാരം ഇന്ത്യയിൽ പ്രവാസികളയക്കുന്ന പണത്തിൻറെ 21 ശതമാനവും സംഭാവന ചെയ്യുന്നത് കേരളത്തിൽ നിന്നുള്ള പ്രവാസികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam