
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയം യുഡിഎഫും നേരിയ ഭൂരിപക്ഷത്തില്‍ ജയം എല്‍ഡിഎഫും അവകാശപ്പെടുമ്പോള്‍ കഴിഞ്ഞ 25 വര്‍ഷത്തെ ഭൂരിപക്ഷങ്ങളുടെ ചരിത്രം കൂടി പരിശോധിക്കാം. ഉപതെരഞ്ഞെടുപ്പുകളിൽ കാല്‍നൂറ്റാണ്ടില്‍ ചരിത്ര ഭൂരിപക്ഷം ലഭിച്ചത് പ്രതിപക്ഷത്ത് ഇരുന്ന പാര്‍ട്ടികള്‍ക്കാണ്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍. ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 2022ല്‍ തൃക്കാക്കരയില്‍. യുഡിഎഫ് ജയിച്ചു എന്ന് മാത്രമല്ല എല്‍ഡിഎഫിനെ തരിപ്പണമാക്കിയാണ് വിജയിച്ച് കയറിയത്. കഴിഞ്ഞ ഇരുപത്തിയഞ്ച് കൊല്ലത്തെ ചരിത്രമെടുത്താലും വലിയ ഭൂരിപക്ഷങ്ങള്‍ ആ നാളുകളിലെ പ്രതിപക്ഷത്തിനൊപ്പമാണ്. കാല്‍നൂറ്റാണ്ടിലെ എന്നല്ല കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം സിപിഎമ്മിലെ പി.ജയരാജനായിരുന്നു. 2004ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ശേഷം നേരിട്ട ആദ്യ പരീക്ഷണം. 2005ല്‍ കൂത്തുപറമ്പില്‍ 45,377 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലായിരുന്നു ജയം. അഴിക്കോട് എം പ്രകാശന്‍ 26,376 വോട്ടുകള്‍ക്ക് വിജയിച്ചു. സിപിഎം കോട്ടയിലെ ഈ വലിയ ഭൂരിപക്ഷത്തെ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായിട്ടാണ് അന്ന് സിപിഎം ഉയര്‍ത്തിക്കാട്ടിയത്.
ഭൂരിപക്ഷ റെക്കോര്‍ഡില്‍ കാല്‍ നൂറ്റാണ്ടില്‍ മൂന്നാം സ്ഥാനം യുഡിഎഫിനാണ്. തൃക്കാക്കരയില്‍ ഉമാ തോമസിന് 25,016 വോട്ടിന്റെ ലീഡ്. ഒന്നാം പിണറായി സര്‍ക്കാര്‍ നേരിട്ട ആദ്യ ഉപതെരഞ്ഞെടുപ്പ് വേങ്ങരയിലാണ്. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് പോയ ഒഴിവില്‍ 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ വിജയിച്ചത് 23,311 വോട്ടിന്.
കഴിഞ്ഞ 25 കൊല്ലത്തില്‍ ഭരണകക്ഷി വലിയ ഭൂരിപക്ഷം ഉപതെരഞ്ഞെടുപ്പില്‍ നേടിയത് 2018ല്‍ ചെങ്ങന്നൂരാണ്. സജി ചെറിയാന്റെ ഭൂരിപക്ഷം 20,914. ഈ പറഞ്ഞ വലിയ ഭൂരിപക്ഷമൊക്കെ സിറ്റിംഗ് സീറ്റിലായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. കുഞ്ഞന്‍ ഭൂരിപക്ഷം പരിശോധിച്ചാല്‍ അത് ഭരണകക്ഷിക്കാണ്. മത്തായി ചാക്കോയുടെ മരണത്തില്‍ 2006ല്‍ വിഎസ് സര്‍ക്കാരിന്റെ തുടക്കനാളുകളില്‍ തിരുവമ്പാടിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പ്. സിപിഎം സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് എം തോമസ് തിരുവമ്പാടി കയറിയത് 246 വോട്ടുകള്‍ക്ക് മാത്രമാണ്. ഇനി പുതുപ്പള്ളിയിലേക്ക് വന്നാല്‍, 35,000ത്തിന് മുകളിലാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് യുഡിഎഫ് പ്രവചിക്കുന്ന ഭൂരിപക്ഷം. മൂവായിരം വോട്ടിന് ജയ്ക്ക് ജയിക്കുമെന്ന് എല്‍ഡിഎഫും പറയുന്നു. അങ്ങറ്റവും ഇങ്ങറ്റവും നില്‍ക്കുന്ന അവകാശവാദങ്ങള്‍ക്ക് ഇനി ഒരു ദിവസത്തിന്റെ മാത്രം ആയുസ്.
സംസ്ഥാനത്ത് ഇനി മുതൽ കള്ള് വിൽപ്പന ഓൺലൈൻ വഴിയും; സർക്കാർ ഉത്തരവിറങ്ങി