
തിരുവനന്തപുരം: പിഎം ജൻമൻ പദ്ധതിയുടെ ആനുകൂല്യത്തിനായി കേരളം. സംസ്ഥാനത്തെ 261 ആദിവാസി കുടുംബങ്ങൾക്ക് വീടുകളിൽ വൈദ്യുതി ലഭ്യമാക്കുന്നതാണ് പദ്ധതി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 261 കുടുംബങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കന്നതിന് കെഎസ്ഇബി സമർപ്പിച്ച 57.56 ലക്ഷം രൂപയുടെ വിശദ പദ്ധതി രേഖകൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഈ ശുപാർശ ഇനി കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കൈമാറും. ഇതിന് പുറമെ 55 വീടുകളുടെ വൈദ്യുതീകരണത്തിനായുള്ള 2.473 ലക്ഷം രൂപയുടേയും, 29 വീടുകളുടെ വൈദ്യുതീകരണത്തിനായുള്ള 275.90 ലക്ഷം രൂപയുടേയും വിശദ പദ്ധതി രേഖകളും അംഗീകരിച്ചിട്ടുണ്ട്. ഇവയും കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് സമർപ്പിക്കും.