
തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ശബരിമല, പമ്പ, നിലയ്ക്കല്‍, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുക, അടിസ്ഥാന സൗകര്യം വികസിപ്പിക്കുക എന്നിവയാണ് കമ്പനിയുടെ ലക്ഷ്യം.
പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാകും കമ്പനി രൂപീകരണം. ബജറ്റില്‍ ഓരോ വര്‍ഷവും വകയിരുത്തുന്ന തുകയും കിഫ്ബി വകയിരുത്തിയ തുകയും ഉപയോഗിച്ച് ശബരിമല വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാൻ ലാഭം കൂടാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നത്.
കമ്പനിക്ക് ചീഫ് സെക്രട്ടറി ചെയര്‍മാനും വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായി ഗവേണിംഗ് ബോഡിയുണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ആയിരിക്കും ഗവേണിംഗ് ബോഡിയുടെ കണ്‍വീനർ. കൂടാതെ ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കണ്‍വീനറുമായി ഇംപ്ലിമെന്‍റേഷന്‍ കമ്മിറ്റിയും രൂപീകരിക്കും.
2019-20 ലെ ബജറ്റില്‍ ശബരിമലയിലെ വിവിധ വികസന പദ്ധതികള്‍ക്കായി 739 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശബരിമല സീസണ്‍ ആരംഭിക്കാന്‍ ഇനി എട്ടു മാസമേയുള്ളൂ. പരിസ്ഥിതിക്ക് ഇണങ്ങുന്നതും കാനനക്ഷേത്രമായ ശബരിമലയുടെ സവിശേഷത നിലനിര്‍ത്തുന്നതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam