അനന്തപുരി ഭക്തിസാന്ദ്രം; ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി

By Web TeamFirst Published Mar 9, 2020, 10:57 AM IST
Highlights

സംസ്ഥാനത്ത് കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളില്‍ ചിലരെങ്കിലും മാസ്ക്കുകളടക്കം ധരിച്ചാണ് പൊങ്കാലയിടാനെത്തിയത്. 

തിരുവനന്തപുരം: പണ്ടാര അടുപ്പില്‍ തീപകര്‍ന്നതോടെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. നഗരം നിവേദ്യം തയ്യാറാക്കാനാരംഭിച്ചു. രാവിലെ 10.25 ഓടെയാണ് പൊങ്കാല അടുപ്പിൽ തീ പകര്‍ന്നത്. ഉച്ചയ്ക്ക് 2.10 നാണ് നിവേദ്യം. ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ സ്ത്രീകള്‍ പൊങ്കാല അടുപ്പുകളില്‍ നിവേദ്യം തയ്യാറാക്കിത്തുടങ്ങി. സംസ്ഥാനത്ത് കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളില്‍ ചിലരെങ്കിലും മാസ്ക്കുകളടക്കം ധരിച്ചാണ് പൊങ്കാലയിടാനെത്തിയത്. രോഗലക്ഷണങ്ങൾ ഉള്ളവർ പൊങ്കാലയിടരുതെന്നാണ് സർക്കാർ നിർദ്ദേശമുണ്ട്. 

സർക്കാർ നിർദേശം ലംഘിച്ചു വിദേശികൾ  പൊങ്കാലയ്ക്ക് എത്തിയ 6 പേരുടെ സംഘത്തെ തിരിച്ചയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. സര്‍ക്കാര്‍ നിർദേശം ലംഘിക്കുന്ന ഹോട്ടലുകൾക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ ആറ്റുകാൽ പരിസരത്തു എത്തിയ വിദേശിയെ പ്രധാന കണ്ട്രോൾ റൂമിൽ എത്തിച്ചു പരിശോധന നടത്തുകയാണ്. 

പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് പൊങ്കാല ഇത്തവണയും നടത്തുന്നത്. ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാൻ സ്റ്റീല് കൊണ്ടോ മണ്ണ് കൊണ്ടോ ഉള്ള പാത്രങ്ങൾ ഉപയോഗിക്കണമെന്നും പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. 
സുരക്ഷയ്ക്ക് 3500 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ശുദ്ധജലവിതരണത്തിനായി 1270 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ 112 എന്ന ടോൾ ഫ്രീ നമ്പറും പൊലീസ് ഒരുക്കിയിട്ടുണ്ട്. പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കൊവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ യാതൊരു കാരണവശാലും പങ്കെടുക്കാൻ പാടില്ലെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പുണ്ട്.

click me!