
ദില്ലി: കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് സൂചന. ദില്ലിയിലെ രാജാജി റോഡിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടുനിന്നു. ചര്‍ച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി ഖർഗെയുടെ വസതിയിൽ നിന്ന് പുറത്തേക്ക് പോയി. എന്നാല്‍, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ വാര്‍ത്താസമ്മേളനം നിശ്ചയിച്ചിട്ടില്ല. ആകാംക്ഷയുടെ മുൾമുനയിലാണ് കെ സി, വി ഡി, ആർസി ക്യാമ്പുകൾ.
ഏറെ ആകാംക്ഷയോടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് കാത്ത് നിൽക്കുകയാണ് കേരളം. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നിരവധി പ്രവർത്തകർ വിഡി സതീശന്‍റെയും രമേശ് ചെന്നിത്തലയുടെയും വീടുകളിൽ തമ്പടിച്ചിട്ടുണ്ട്. രാഹുൽ-ഖർഗെ കൂടിക്കാഴ്ചയ്ക്ക് ശേഷം കെസിയെ യോഗ തീരുമാനം അറിയിക്കുമെന്നാണ് വിവരം. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അരമണിക്കൂറിനകം തിരുവനന്തപുരത്ത് എത്തും. ദീപാദാസ് മുൻഷി എംഎൽഎമാരുടെ യോഗം വിളിക്കുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ ആയിട്ടും അനാഥമായി കേരളം. മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ വന്നതോടെ സംസ്ഥാനം അക്ഷരാർത്ഥത്തിൽ സ്തംഭനത്തിലായി. കേരളത്തിനൊപ്പം ഫലം വന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ ഭരണം തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും എപ്പോൾ എന്നതിൽ കൃത്യമായ വിവരം ആർക്കുമില്ല. പലയിടത്തും ജനങ്ങൾ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികൾ അടക്കം സഹികെട്ടു. ഇന്ന് വൈകീട്ട് മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തിയ ശേഷം രാഹുൽ അവസാന തീരുമാനം എടുക്കുമെന്നാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ചർച്ചകൾ പൂർത്തിയായെന്നും ഇന്ന് തന്നെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു എന്നുമാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam