ജനജീവിതം ദുരിതമാക്കി ഇന്ധന വില വര്‍ദ്ധനവ്; ഉത്തരവാദിത്വം കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി

Web Desk   | Asianet News
Published : Jun 02, 2021, 03:55 PM IST
ജനജീവിതം ദുരിതമാക്കി ഇന്ധന വില വര്‍ദ്ധനവ്; ഉത്തരവാദിത്വം കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി

Synopsis

കേന്ദ്ര സര്‍ക്കാര്‍ 2021 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിൻമേല്‍ ചുമത്തിയിരുന്ന 67 രൂപ എക്സൈസ് തീരുവയില്‍, വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട ബേസിക് എക്സൈസ് തീരുവ. ഈ തുച്ഛമായ തുക കുറയ്ക്കണമെന്നാണ് ഇപ്പോളുയരുന്ന ആവശ്യം

തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില  മാറുന്നതിനനുസരിച്ച് നമ്മുടെ രാജ്യത്തും പെട്രോൾ- ഡീസൽ വില മാറുന്ന സ്ഥിതി വന്നത്  വില നിയന്ത്രണം  2010 ലും 2014 ലുമായി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനു ശേഷമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ജനജീവിതത്തെ ദുരിതമയമാക്കുന്ന പെട്രോൾ-ഡീസൽ വിലവർദ്ധനവിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള കേന്ദ്രസർക്കാരിന്റെ പുതിയ നീക്കമാണ്, സംസ്ഥാനങ്ങൾ ഇന്ധനനികുതി കുറയ്ക്കണമെന്ന വിചിത്രവാദം. പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. 

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില  മാറുന്നതിനനുസരിച്ച് നമ്മുടെ രാജ്യത്തും പെട്രോൾ- ഡീസൽ വില മാറുന്ന സ്ഥിതി വന്നത്  വില നിയന്ത്രണം  2010 ലും 2014 ലുമായി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനു ശേഷമാണ്. പക്ഷെ  ക്രൂഡോയില്‍ വില താഴുമ്പോഴും ഇന്ത്യയിൽ ഇന്ധനവില കുറഞ്ഞില്ല. അന്താരാഷ്ട്ര വിപണിയിൽ വില താഴുമ്പോള്‍ അതിനനുസൃതമായി എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ച്, കേന്ദ്ര സര്‍ക്കാര്‍ വില താഴാതെ പിടിച്ചുനിര്‍ത്തുകയും പലപ്പോഴും ഉയര്‍ത്തുകയും ചെയ്യുന്നതാണിതിന് കാരണം.

കേന്ദ്ര സര്‍ക്കാരിന്‍റെ കഴിഞ്ഞ ആറു വര്‍ഷക്കാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പെട്രോളിന്മേലും ഡീസലിന്മേലുമുള്ള കേന്ദ്ര നികുതി 307 ശതമാനം വര്‍ദ്ധിപ്പിച്ചതായി കാണാം. ഈ വർഷം ഇതിനകം പെട്രോള്‍-ഡീസല്‍ വില 19 തവണ വര്‍ദ്ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് തീരുവയിലെ നാലിനങ്ങളിൽ,  ബേസിക് എക്സൈസ് തീരുവ ഒഴികെ ഒന്നും സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല. ഈ മൂന്ന് തീരുവകളാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ 2021 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിൻമേല്‍ ചുമത്തിയിരുന്ന 67 രൂപ എക്സൈസ് തീരുവയില്‍, വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട ബേസിക് എക്സൈസ് തീരുവ. ഈ തുച്ഛമായ തുക കുറയ്ക്കണമെന്നാണ് ഇപ്പോളുയരുന്ന ആവശ്യം. ജിഎസ്ടി വന്നതിന് ശേഷം സംസ്ഥാനങ്ങൾക്ക് സ്വന്തമായുള്ള ഏക നികുതിവരുമാനം ഈ തീരുവ മാത്രമാണ്.കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഉയര്‍ത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാവും. 

ഇന്ധനവില വര്‍ദ്ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കും. അനിയന്ത്രിതമായി ഇന്ധനവില വര്‍ദ്ധന വരുത്തുന്ന നിലപാടില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം