
തിരുവനന്തപുരം: വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തുന്നു. മുഖ്യമന്ത്രി രാജ്ഭവനിലെത്തിയാണ് ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തുന്നത്. വിവാദ ലോകായുക്ത ഭേദഗതി ഓർഡിനൻസ് കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. വിവാദ ഓർഡിനൻസിൽ ഗവർണ്ണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഓർഡിനൻസിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിച്ചാൽ ഗവർണ്ണർ ഒപ്പിടുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. വിദേശസന്ദർശനത്തിന് ശേഷം ഇന്നാണ് മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തിയത്. അമേരിക്കയിലെ ചികിത്സക്കും ഗൾഫ് എക്സ്പോയിൽ പങ്കെടുത്തതിനും ശേഷമാണ് മടക്കം.
നിയമഭേഗതി ഓര്‍ഡിനൻസില്‍ ഗവര്‍ണ്ണര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണ്ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ സർക്കാരിന് ഗുണമാകും. പ്രതിപക്ഷത്തിനാകട്ടെ വലിയ തിരിച്ചടിയായി അത് മാറുകയും ചെയ്യും. പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഉറപ്പാണ്. അതേസമയം ഓര്‍ഡിനൻസ് തിരിച്ചയച്ചാല്‍ സര്‍ക്കാരിനാകും കനത്ത തിരിച്ചടി. സി പി ഐ അടക്കം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ സിപിഎമ്മിന് അതൊരു ക്ഷീണവുമാകും.
ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ ഗവര്‍ണ്ണറെ അറിയിച്ചത്. ലോക്പാല്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍ ലോകായുക്ത സംസ്ഥാന വിഷയമാണ്. അതുകൊണ്ട് നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താം. നിയമത്തില്‍ മാറ്റം വരുത്താൻ രാഷ്ട്പതിയുടെ അംഗീകാരം വേണ്ടെന്നും സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam