'നാർകോട്ടിക് ജിഹാദ് ഉപയോഗിക്കാൻ പാടില്ലാത്ത പദം'; ബിഷപ്പിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

By Web TeamFirst Published Sep 21, 2021, 8:38 PM IST
Highlights

സിപിഎം പെരുവമ്പ് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രസംഗം

തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. നാർകോട്ടിക്ക് ജിഹാദ് പരാമർശം ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പെരുവമ്പ് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.

'ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്ര സര്‍ക്കാരാണ്. വസ്തുതാപരമായി കാര്യങ്ങള്‍ മനസിലാക്കി വേണം പൊതുസമൂഹത്തില്‍ അവതരിപ്പിക്കാന്‍. ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമാണ് നാര്‍ക്കോട്ടിക് ജിഹാദ്. ഇത്തരം പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് യോജിച്ചതല്ല ആ പ്രസ്താവന.' പൊതുസമൂഹം ആ പ്രസ്താവനയ്ക്കൊപ്പം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

'പൊതുഐക്യം ദുർബലപ്പെടും'; പാലാ ബിഷപ്പിനെയും താലിബാൻ അനുകൂലികളെയും ഒരേപോലെ തള്ളി മുഖ്യമന്ത്രി

'കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. അതിനെ തകര്‍ക്കാന്‍ ഏത് കേന്ദ്രത്തില്‍ നിന്ന് ശ്രമമുണ്ടായാലും നമ്മുടെ നാട് അതിനെ ചെറുക്കും. നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇത്തരം പ്രസ്താവനയെ പിന്താങ്ങുന്നത്,'- എന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!