ഒടുവിൽ മുഖ്യമന്ത്രിക്കെതിരായ കേസ് പരി​ഗണിക്കാനൊരുങ്ങി ലോകായുക്ത; ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ് മറ്റന്നാൾ

By Web TeamFirst Published Mar 29, 2023, 8:28 PM IST
Highlights

കേസിൽ വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പറയാത്ത ലോകായുക്ത നടപടി വിവാദമായിരുന്നു. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് മറ്റന്നാള്‍ പരിഗണിക്കുന്നത്.

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസ് ഒടുവിൽ ലോകായുക്ത മറ്റന്നാള്‍ പരിഗണിക്കും. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തത് വിവാദമായിരുന്നു. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് ലോകായുക്ത വീണ്ടും പരിഗണിക്കുന്നത്.

വിധി എതിരായാൽ മുഖ്യമന്ത്രിക്ക് സ്ഥാനമൊഴിയേണ്ട കേസാണ് ലോകായുക്ത പരിഗണിക്കുന്നത്. മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രന്‍റെയും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണൻെര അകമ്പടിവാഹനം അപകടത്തിൽപ്പെട്ടപ്പോള്‍ മരിച്ച പൊലിസുകാരൻെറ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയെന്നാണ് കേസ്. എന്നാൽ പണം അനുവദിക്കുന്നതിൽ നയപരമായ തീരുമാനമെടുക്കാൻ മന്ത്രിസഭക്ക് അധഇകാരമുണ്ടെന്നായിരുന്നു സർക്കാർ വാദം. വാദത്തിനിടെ അതിരൂക്ഷമായി ലോകായുക്ത സർക്കാരിനെ വിമർശിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ 18ന് വാദം പൂർത്തിയായി വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തിനാൽ പരാതിക്കാരനായ ആർ എസ് ശശികുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

ഹൈക്കോടതി ലോകായുക്തയിൽ ഹർജി നൽകാൻ പരാതിക്കാരനോട് നിർദ്ദേശിച്ചു. ഇതിന്‍റെ അടസ്ഥാനത്തിൽ നൽകിയ ഹർജിയാണ് മറ്റന്നാള്‍ പരിഗണിക്കുന്നത്. നിർണായമായ കേസിലെ ലോകായുക്തയുടെ നിലപാട് മറ്റന്നാള്‍ അറിയാം. വിധി മുന്നിൽ കണ്ട് ലോകായുക്ത നിയനം തന്നെ സർക്കാർ ഭേദഗതി ചെയ്തു. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതേവര ഒപ്പിട്ടില്ല. ലോകായുക്ത നിയമനം 14 വകുപ്പ് പ്രകാരമുള്ള ഉത്തരവ് എതിരായതിനെ തുടർന്ന് കെടി ജലീലിന് മന്ത്രി സ്ഥാനം നഷ്ടമായത്. സമാനമായ വകുപ്പിലെ കേസിൽ  വിധി എതിരായാൽ പിണറായി വിജയനും സ്ഥാനം ഒഴിയേണ്ടിവരുമെന്നതാണ് നിർണായകം.

click me!