നാളെ മുതൽ ലോക്ഡൗൺ; അവശ്യവസ്തുക്കളുടെ കടകൾ രാത്രി 7.30 വരെ, പൊതുഗതാഗതമില്ല

By Web TeamFirst Published May 7, 2021, 6:08 AM IST
Highlights

വിവാഹ, മരണാനന്തര ചടങ്ങുതൾത്ത് 20 പേർ മാത്രം. എല്ലാത്തരം ആവശ്യങ്ങൾക്കും പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ദിവസത്തെ ലോക്ഡൗൺ നാളെ തുടങ്ങും. പച്ചക്കറി പലചരക്ക്, റേഷൻ കടകൾ അടക്കമുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാൽ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. കെഎസ്ആർടിസി, ബസ്, ടാക്സികൾ അടക്കം പൊതുഗതാഗതം ഒന്നുമില്ല. ആശുപത്രി, വാക്സിനേഷൻ, എയർപോർട്ട്, റെയിൽവേസ്റ്റേഷൻ തുടങ്ങി അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ഇളവ്. ചരക്ക് ഗതാഗതത്തിന് തടസ്സമില്ല. അന്തർ ജില്ലാ യാത്രകള്‍ പാടില്ല. അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടച്ചിടും. ബാങ്കുകൾ, ഇൻഷുറൻസ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പത്ത് മുതൽ ഒരു മണി വരെ പ്രവർത്തിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് പ്രവർത്തിക്കാം. പെട്രോൾ പമ്പുകളും വർക്ക്ഷോപ്പുകളും തുറക്കാം. ചെറിയ നിർമ്മാണ പ്രവർത്തനം അനുവദിക്കും. വിശ്വാസികൾക്ക് പ്രവേശനമില്ലാതെ ആരാധനാലയങ്ങളിൽ ചടങ്ങുകൾ മാത്രം നടത്താം. വീട്ടുജോലിക്ക് പോകുന്നവരെ തടയില്ല. വിവാഹ, മരണാനന്തര ചടങ്ങുതൾത്ത് 20 പേർ മാത്രം.  സ്വകാര്യവാഹനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തും. ഓട്ടോ ടാക്സി അവശ്യ സേവനത്തിന് മാത്രം. എല്ലാത്തരം ആവശ്യങ്ങൾക്കും പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും.

അവശ്യ സർവ്വീസിലുള്ള ഓഫീസുകള്‍ മാത്രം പ്രവർത്തിക്കും. ആശുപത്രി വാക്സിനേഷൻ എന്നിവയ്ക്കുള്ള യാത്രക്ക് തടസ്സമില്ല. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവയിൽ നിന്നുള്ള യാത്രക്കും തടസ്സമില്ല. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും അടക്കണം. ലോക്ഡൗണിൽ കുടുങ്ങിയ ആളുകളെയും ടൂറിസ്റ്റുകൾക്കും വേണ്ടി ഹോട്ടലുകളും ഹോം സ്റ്റേ കളും തുറക്കാം. ഇലക്ട്രിക്, പ്ലംബിങ് പോലെയുള്ള ടെക്നിഷ്യൻസിനാണ് അനുമതി. 

രോഗ വ്യാപനം കൈവിട്ട അവസ്ഥയിലാണ് ഒടുവിൽ സംസ്ഥാനം അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നത്. 9 ദിവസത്തെക്കാണ് സമ്പൂർണ്ണ അടച്ചുപൂട്ടൽ. രണ്ടാം തരംഗത്തിൽ 41, 000ല്‍ അധികം രോഗികളാണ് ദിവസേനെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!