
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ രാഷ്ട്രീയ കേരളത്തിന്‍റെ അനുശോചനം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കം രാഷ്ട്രീയ - സാസ്കാരിക രംഗത്തെ പ്രമുഖരെല്ലാം അനുശോചനവുമായി രംഗത്തെത്തി. ഇന്ന് രാവിലെ രാവിലെ 10 മണിക്ക് പൊതുദർശനം ആശുപത്രിയിൽ നടക്കും. പിന്നീട് നെയ്യാറ്റിൻകര ടിബി ജംഗ്ഷനിലെ വീട്ടിലും പൊതുദർശനം ഉണ്ടാകും. അതിന് ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കുമെന്നാണ് വ്യക്തമാകുന്നത്.
ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ ഇന്നത്തെ കാലഘട്ടവുമായി ബന്ധിപ്പിച്ചുനിർത്തിയ വിലപ്പെട്ട കണ്ണിയാണ് ഗോപിനാഥൻ നായർ. ഗാന്ധിയൻ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പകർത്തിയ വ്യക്തിയായിരുന്നു. ശുദ്ധവും സുതാര്യവുമായ വ്യക്തിത്വത്തിന്റെ ഉടമ. ഗാന്ധിയൻ പ്രസ്ഥാനങ്ങൾക്ക് എന്നും വറ്റാത്ത പ്രചോദനം നൽകി മുമ്പേ നടന്ന മാതൃകാ വ്യക്തിത്വങ്ങളിൽ ഒന്നാണ് ഗോപിനാഥനായരുടെ നിര്യാണത്തിലൂടെ നഷ്ടമാകുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്‍റെ അനുശോചനം
അഖിലേന്ത്യാ ഗാന്ധിസ്മാരക നിധിയുടെ തുടക്കം മുതൽ സേവനം അനുഷ്ഠിച്ചവരിൽ പ്രമുഖനാണ് പി. ഗോപിനാഥൻ നായർ. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ 11 വർഷം പ്രസിഡന്റായിരുന്നു. ആചാര്യ വിനോബാജിയുടെ ഭൂദാന പ്രസ്ഥാനത്തിലും അണിചേർന്നിട്ടുണ്ട്. മാറാട് കലാപ സമയത്ത് മുഖ്യമന്ത്രിയായിരുന്ന ഏ.കെ ആന്‍റണി സർക്കാരിന്‍റെ സമാധാന ദൂതനായി അയച്ചതും ഗോപിനാഥൻ നായരെ ആയിരുന്നു. ദേശീയ തലത്തിൽ നടന്ന സിഖ് ഹിന്ദ് സംഘർഷത്തിൽ ശാന്തിയുടെ സന്ദേശവാഹകനായും അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. വിദ്വേഷവും വെറുപ്പും വിഭാഗീയതയും രാഷ്ട്രീയ അജണ്ടയാക്കുകയും ഗാന്ധി നിന്ദ പതിവാകുകയും ചെയ്യുന്ന ഇക്കാലത്ത് പി.ഗോപിനാഥൻ നായരെ പോലൊരു തികഞ്ഞ ഗാന്ധിയന്‍റെ വിയോഗം നമ്മുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് ശൂന്യതയുണ്ടാക്കുമെന്നും സതീശൻ പറഞ്ഞു.
ഗവർണറുടെ അനുശോചനം
ഗാന്ധിയൻ പി ഗോപി നാഥൻ നായരുടെ നിര്യാണത്തിൽ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. ക്വിറ്റ് ഇൻഡ്യ സമരത്തിൽ പങ്കെടുത്ത അദ്ദേഹം ഗാന്ധിയൻ, വിനോബ ചിന്തയുടെ ആധികാരിക വക്താവായിരുന്നു. സമാധാനം, അഹിംസ എന്നിവയിലുറച്ച പ്രവർത്തനത്തിനായി ഏവരെയും സാമൂഹികവും ആത്മീയവുമായി പ്രചോദിപ്പിച്ച തികഞ്ഞ ഗാന്ധിയൻ ആയിരുന്നു അദ്ദേഹം എന്ന് ഗവർണർ ട്വീറ്റിൽ പറഞ്ഞു.
കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ അനുശോചനം
ഗാന്ധിയന്‍ ആദര്‍ശം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ കര്‍മ്മനിരതനായ വ്യക്തിത്വമായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ കാലത്തുതന്നെ ഗാന്ധിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം സഹനസമരത്തിലൂടെ പകര്‍ന്ന് കിട്ടിയ കരുത്തുമായി ഗാന്ധിയന്‍ സന്ദേശം രാജ്യത്തുടനീളം പ്രചരിപ്പിക്കാന്‍ സഞ്ചരിച്ചു. മാറാട് കലാപത്തിലും സിഖ്-ഹിന്ദു സംഘര്‍ഷത്തിലും ശാന്തിയുടെ സന്ദേശവാഹകനാകാന്‍ നിയോഗം ലഭിച്ച വ്യക്തിത്വമായിരുന്നു ഗോപിനാഥന്‍ നായര്‍.എന്നും സമാധാനത്തിന്റെ ദൂതനായിരുന്നു അദ്ദേഹം. ഗാന്ധിയന്‍ ഗോപിനാഥനെ പോലുള്ളവരുടെ നഷ്ടം അപരിഹാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.