
കോട്ടയം: ജോസ് കെ മാണി വിഭാഗം ഇടത് മുന്നണി സഹകരണം ഉറപ്പിച്ചതോടെ കേരളാ കോൺഗ്രസ് എം മത്സരിച്ച് വന്ന എല്ലാ സീറ്റിലും അവകാശവാദം ഉന്നയിച്ച് പി ജെ ജോസഫ്. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റും കിട്ടണമെന്ന ആവശ്യം മുന്നണി നേതൃത്വത്തിന് മുന്നിൽ പി ജെ ജോസഫ് വച്ചുകഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ 1212 സീറ്റിലും 15 നിയമസഭാ സീറ്റിലും ആണ് കേരളാ കോൺഗ്രസ് മത്സരിച്ചിരുന്നത്. നേതാക്കളുടെയും അണികളുടേയും വലിയ നിര ഒപ്പമുണ്ടെന്നും ഇത് കണക്കിലെടുത്ത് വേണം തുടര്‍ തീരുമാനങ്ങളെന്നുമാണ് പി ജെ ജോസഫ് പറയുന്നത്,
സീറ്റുമായി ബന്ധപ്പെട്ട അവകാശവാദവുമായി പി ജെ ജോസഫ് പരസ്യമായി രംഗത്തെത്തിയതോടെ തിങ്കളാഴ്ച ഉഭയകക്ഷി ചര്‍ച്ച നടത്താനാണ് തീരുമാനം.കോട്ടയത്ത് കോൺഗ്രസ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ ചര്‍ച്ചയിൽ പങ്കെടുക്കും. ജോസ് കെ മാണി വിഭാഗം പോയതോടെ കൂടുതൽ സീറ്റിൽ മത്സരിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം ഉള്ളത്. പിജെ ജോസഫ് സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ഇക്കാര്യം വലിയ തര്‍ക്കങ്ങളിലേക്ക് പോകുമോ എന്ന ആശങ്കയും യുഡിഎഫിൽ ഉണ്ട്.
കേരള കോൺഗ്രസിൻ്റെ മുഴുവൻ സീറ്റുകളും നിലനിർത്തണമെന്ന് യുഡിഎഫിൽ ആവശ്യപ്പെട്ടെന്ന് പി ജെ ജോസഫ് തൊടുപുഴയിൽ പ്രതികരിച്ചു. സ്റ്റാറ്റസ്കോ നിലനിർത്തണം വിജയസാധ്യത പരിഗണിച്ച് സീറ്റ് വച്ച് മാറ്റത്തിന് തയ്യാറെന്നും പിജെ ജോസഫ് പറയുന്നു. ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പുവള്ളം ആണ് ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എന്ന് പിജെ ജോസഫ് പരിഹസിച്ചു.
പാലാ ഉപതെരഞ്ഞെപ്പിൽ ജോസ് കെ മാണിയുടെ സഹോദരി സാലിയെയാണ് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. അത് വേണ്ടെന്ന് വച്ചത് ജോസ് കെ മാണി അധ്യക്ഷനായ സമിതിയാണ്. ആര് ആവശ്യപ്പെട്ടാലും ചിഹ്നം നൽകുമായിരുന്നെന്നും പി ജെ ജോസഫ് പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam