
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിൽ ഭിന്നതയില്ലെന്നും മുന്നണി മാറ്റം ചര്‍ച്ചയായിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു മന്ത്രി റോഷി അഗസ്റ്റിനടക്കമുള്ള കേരള കോണ്‍ഗ്രസ് എംഎൽഎമാരുടെ പ്രതികരണം. പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം ചെയര്‍മാൻ ജോസ് കെ മാണി തന്നെ പറഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു. യുഡിഎഫിലേക്ക് ഇല്ലെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു.പാര്‍ട്ടിയിൽ ഇതുസംബന്ധിച്ച് ആശയക്കുഴപ്പമില്ല.
ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ടായത് മനംമാറ്റമാണെന്നും മുന്നണി മാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുന്നണി മാറ്റം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്‍റെ അജണ്ടയിൽ ഇല്ലെന്ന് എൻ ജയരാജ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ചയില്ലെന്ന് നേതാക്കള്‍ പരസ്യമായി പറയുമ്പോഴും പാര്‍ട്ടിയിൽ അണിയിറ നീക്കം സജീവമാണെന്നാണ് വിവരം. മുന്നണി മാറിയാൽ റോഷി അഗസ്റ്റ്യൻ അടക്കം മുഴുവൻ ആളുകളെയും ഒന്നിച്ച് യുഡിഎഫിൽ എത്തിക്കാനാണ് പാർട്ടിക്കുള്ളിൽ ശ്രമം നടക്കുന്നത്. ജില്ലാ കമ്മിറ്റികളെയെല്ലാം ഒപ്പം നിർത്താനുള്ള നീക്കങ്ങളും തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം കൂടിയാണ് ഇന്ന് നടക്കുന്നത്.
യോഗത്തിനെത്തിയ ജോസ് കെ മാണിയും യുഡിഎഫ് പ്രവേശനം തള്ളി. ഇന്നത്തെ യോഗത്തിൽ അതൊന്നും ചര്‍ച്ചയാകില്ലെന്നും അജണ്ടയിൽ ഇല്ലാത്ത വിഷയമാണിതെന്നും മാധ്യമങ്ങള്‍ അല്ല അജണ്ട തീരുമാനിക്കേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു. യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നും ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ച് കഴിഞ്ഞ് അടച്ചു വെച്ചോളുവെന്നും കേരള കോണ്‍ഗ്രസ് എം എൽഡിഎഫിൽ തന്നെ തുടരുമെന്നും എൽഡിഎഫിന്‍റെ മേഖല ജാഥ ഒരുക്കങ്ങള്‍ അടക്കം ഇന്ന് യോഗം ചര്‍ച്ച ചെയ്യുമെന്നും ജോസ് കെ മാണി പറഞ്ഞു. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam