കേരള കോൺഗ്രസ് പിളർപ്പ്; ഐക്യത്തിന് തുരങ്കം വച്ചത് ജോസഫ് വിഭാഗം: റോഷി അഗസ്റ്റിന്‍

By Web TeamFirst Published Jun 25, 2019, 9:19 PM IST
Highlights

സമവായ സാധ്യതകള്‍ക്കായി പരിശ്രമം തുടരുന്നതിനിടെ തങ്ങള്‍ അനുരഞ്ജനത്തിനില്ലെന്ന പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നവരുടേതാണ് യഥാര്‍ത്ഥ ഇരട്ടത്താപ്പെന്ന് ജനം തിരിച്ചറിയുമെന്ന് റോഷി അഗസ്റ്റിൻ

കോട്ടയം: കേരളാ കോണ്‍ഗ്രസ്സിലെ സമവായത്തിനും ഐക്യത്തിനുമായി നടന്ന പരിശ്രമങ്ങള്‍ക്ക് തുരങ്കം വെച്ചത് ജോസഫ് വിഭാഗമാണെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍പ്പോലും കൂടിയാലോചന നടത്താതെയാണ് നിയമസഭാ സ്പീക്കര്‍ക്ക് മോന്‍സ് ജോസഫ് കത്ത് നല്‍കിയത്. ഇതാണ് യോജിപ്പിന്‍റെ അന്തരീക്ഷം തകരുന്നതിന് തുടക്കം കുറിച്ചതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.  

"സമവായത്തിനായി നില്‍ക്കുന്നു എന്ന പ്രതീതി പ്രസ്താവനകളിലൂടെ സൃഷ്ടിക്കുമ്പോള്‍ തന്നെ ചെയര്‍മാനായി സ്വയം അവരോധിച്ചുകൊണ്ട് ഇലക്ഷന്‍ കമ്മീഷന് കത്ത് നല്‍കിയതും എല്ലാ സംഘടനാ മര്യാദകളും ലംഘിച്ചുകൊണ്ട് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നതും ജോസഫ് വിഭാഗമാണ്. യുഡിഎഫ് നേതൃത്വം മുന്‍കയ്യെടുത്ത് സമവായ സാധ്യതകള്‍ക്കായി പരിശ്രമം തുടരുന്നതിനിടെ തങ്ങള്‍ അനുരഞ്ജനത്തിനില്ലെന്ന പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നവരുടേതാണ് യഥാര്‍ത്ഥ ഇരട്ടത്താപ്പെന്ന് ജനം തിരിച്ചറിയും" റോഷി അഗസ്റ്റിൻ പറഞ്ഞു. 

ജനാധിപത്യപരമായി ജോസ് കെ മാണിയെ ചെയര്‍മാനായി തെരെഞ്ഞെടുക്കുന്നതിനോടൊപ്പം തന്നെ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറായി പി ജെ ജോസഫിനെ അംഗീകരിച്ച് കൊണ്ടുള്ള നിലപാടാണ് പാർട്ടി സ്വീകരിച്ചത്. ഈ നിലപാട് സ്വീകരിച്ചിട്ടും ജോസഫ് വിഭാഗം കാണിക്കുന്ന പിടിവാശിയാണ് അനുരഞ്ജന ശ്രമങ്ങളെ ഇല്ലാതാക്കിയെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേർത്തു.
 

click me!