കേരളത്തില്‍ അതീവജാഗ്രത തുടരുന്നു: സമാധാനത്തിന് ആഹ്വാനം ചെയ്ത് നേതാക്കള്‍

By Web TeamFirst Published Nov 9, 2019, 9:14 AM IST
Highlights

നിലവില്‍ കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്. 

കൊച്ചി: അയോദ്ധ്യ കേസ് വിധിയുടെ പശ്ചാലത്തിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുന്നു. ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും സംസ്ഥാനത്തെ സ്ഥിതിഗതികളും അയോധ്യ വിധി മുന്‍നിര്‍ത്തി സ്വീകരിച്ച സുരക്ഷാനടപടികളും ഗവര്‍ണറെ ധരിപ്പിച്ചു. ജില്ലാ പൊലീസ് മേധാവിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച ഡിജിപി ലോക്നാഥ് ബെഹ്റ സുരക്ഷ ശക്തമാക്കാനും ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റ്റുകള്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. 

നിലവില്‍ കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ്, ചന്ദേര സ്റ്റേഷന്‍ പരിധികളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 

നവംബര്‍ 11-ാം തീയതി വരെയാണ് ഈ സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ നാലില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ജില്ലാ സ്കൂള്‍ കലോത്സവ പരിപാടികള്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും പരിപാടികള്‍ക്ക് ശക്തമായ പൊലീസ് സുരക്ഷ ഒരുക്കുമെന്നും ജില്ലാ കളക്ടര്‍ ഡി.സജിത്ത് ബാബു അറിയിച്ചു.

കൊച്ചി നഗരത്തിലും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് കൊച്ചി ഡിസിപി ജി പൂങ്കുഴലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുഴപ്പം ഉണ്ടാക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും ആവശ്യമെങ്കില്‍ കരുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൂങ്കുഴലി വ്യക്തമാക്കി. 

സമാധാനത്തിന് ആഹ്വാനം ചെയ്ത് നേതാക്കള്‍...

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനനിലയും മതേതരഐക്യവും കാത്തുസൂക്ഷിക്കണമെന്ന ആഹ്വാനവുമായി രാഷ്ട്രീയആത്മീയ നേതാക്കള്‍ രംഗത്ത് എത്തി. അയോധ്യ കേസിലെ വിധി എന്തു തന്നെയായാലും എല്ലാവരും അതിനെ സമാധാനപൂര്‍വം സ്വാഗതം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

പതിറ്റാണ്ടുകളായി തുടരുന്ന ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ.കെ ആലിക്കുട്ടി മുസലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ടി.പി അബ്ദുള്ളക്കോയ മദനി, എം.ഐ അബ്ദുല്‍അസീസ്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഡോ.ഇ.കെ അഹമ്മദ്കുട്ടി, എ നജീബ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അബുല്‍ഹൈര്‍ മൗലവി, ഡോ.പി.എ ഫസല്‍ഗഫൂര്‍, സി.പി കുഞ്ഞിമുഹമ്മദ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

 വിധിയുടെ പേരില്‍ നാടിന്റെ സമാധാനത്തിനും സൗഹാര്‍ദത്തിനും ഭംഗം വരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. ജനാധിപത്യവും മനുഷ്യാവകാശവും സമാധാനവും സംരക്ഷിക്കാനും നീതിയുടെയും സത്യത്തിന്റെയും പക്ഷത്ത് നിലകൊള്ളാനും ഭരണകൂടം  സന്നദ്ധമാവുമെന്ന് പ്രതീക്ഷിക്കുന്നതായും മുസ്‌ലിം നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

അയോധ്യക്കേസിലെ വിധി എന്തായാലും കേരളത്തിലെ ജനങ്ങള്‍ അതിനെ ആത്മസംയമനത്തോടെ സ്വീകരിക്കണമെന്ന് പാണക്കാട് മുന്‍വറലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. നേരത്തെ അയോധ്യ കലാപമുണ്ടായ സമയത്തും കേരളത്തില്‍ ആത്മസംയമനം പാലിക്കാനാണ് തന്‍റെ പിതാവ് സയ്യീദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തത്. അന്നത് കേരളം ആ ആഹ്വാനം ഏറ്റെടുത്തു. നാളെ നാളേക്ക് വേണ്ടി ഇനിയും ആ ആത്മസംയമനം തുടരണമെന്നും നാളെ നാളേക്കും നല്ല ഇന്ത്യക്കും വേണ്ടി എല്ലാവരും സഹകരിക്കണമെന്നും മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.  
 

click me!