
കൊച്ചി : ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനിടെ പത്തുവയസുകാരി മരിച്ച സംഭവത്തിൽ കേരള അസോസിയേഷൻ ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കും. താമസ ഭക്ഷണ സൗകര്യങ്ങളൊന്നും കിട്ടാത്തതിനാൽ താത്കാലിക കേന്ദ്രത്തിലായിരുന്നു കേരളത്തിന്‍റെ കുട്ടികൾ കഴിഞ്ഞിരുന്നത്. അതേസമയം അന്തരിച്ച പത്ത് വയസുകാരി നിദാ ഫാത്തിമയുടെ അച്ഛൻ ഷിഹാബ് രാത്രിയോടെ നാഗ്പൂരിലെത്തി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം.
കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കിട മത്സരമാണ് നാഗ്‍പൂരിൽ മലയാളി താരം നിദ ഫാത്തിമയുടെ ജീവനെടുത്തത്. ദേശീയ ഫെഡറേഷന്‍റെ അംഗീകാരമില്ലാത്തതിനാൽ താരങ്ങൾക്ക് താമസസൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷൻ ഒരുക്കിയിരുന്നില്ല. സ്പോട്സ് കൗൺസിലിന്‍റെ അംഗീകാരമില്ലാത്തതും ദേശീയ ഫെഡറേഷന്‍റെ അംഗീകാരമുള്ള സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ ടീമും നാഗ്പൂപൂരിൽ മത്സരിക്കുന്നുണ്ട്.
അനീതിയുടെ ഇര! ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു
നിദ ഫാത്തിമയടക്കം കേരള സൈക്കിൾ പോളോ അസോസിയേഷന്‍റെ 24 താരങ്ങൾ നാഗ്‍പൂരിലെത്തിയത് കേരള സ്പോട്സ് കൗൺസിലിന്‍റെ അംഗീകാരത്തിലും സാന്പത്തിക സഹായത്തിലുമാണ്. എന്നാൽ സൈക്കിൾപോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളത് സൈക്കിൾ ഫോളോ അസോസിയേഷൻ ഓഫ് കേരളയ്ക്ക്. ചുരുക്കത്തിൽ രണ്ട് അസോസിയേഷനുകൾക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള രണ്ട് ടീം നാഗ്‍പൂരിൽ. കേരള സൈക്കിൾപോളോ അസോസിയേഷൻ താരങ്ങൾക്ക് മത്സരിക്കാൻ അനുമതി കിട്ടിയത് ഒരാഴ് മുൻപത്തെ ഹൈക്കോടതി വിധിയിലൂടെയാണ്. 2013 മുതൽ ദേശീയ ഫെഡറേഷനും കേരള സൈക്കിൾ പോളോ അസോസിയേഷനും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ സ്‍പോട്സ് കൗൺസിലിന്‍റെ അംഗീകരാമുള്ള താരങ്ങൾക്ക് മത്സരിക്കാൻ എല്ലാവര്‍ഷവും കോടതി വിധി വേണം .
2013ൽ കേരളത്തിൽ നിന്ന് പോയ സൈക്കിൾ പോളോ ടീമിലെ വനിത താരവും ദേശീയ ഫെഡറേഷനിലെ അമ്പയറായ മലയാളിയും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ 2015 ൽ കേരള സൈക്കിൾ പോളോ അസോസിയേഷന്‍റെ അഗീകാരം റദ്ദാക്കി.ദേശീയ ഫെഡറേഷൻ തട്ടിക്കൂട്ടിയ എറണാകുളം ആസ്ഥാനമായ സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയ്ക്ക് എല്ലാ സഹായവും നൽകി. പലപ്പോഴും സ്പോട്സ് കൗൺസിൽ അംഗീകാരമുള്ള താരങ്ങൾക്ക് മത്സരസ്ഥലത്തെത്തിയാലും മത്സരിക്കാൻ വിലക്കേര്‍പ്പെടുത്തുന്ന സ്ഥിതിയുമുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam