പരിശോധന കൂട്ടുന്നു, സംസ്ഥാനത്ത് ഒരു ദിവസം 2000 പരിശോധനകൾ നടത്തും

By Web TeamFirst Published May 19, 2020, 6:32 AM IST
Highlights

പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിക്കാനായി, കൊവിഡ് ആശുപത്രിയായ പാരിപ്പളളി മെഡിക്കൽ കോളജ് അടക്കം കൂടുതല്‍ ഇടങ്ങളില്‍ പിസിആര്‍ പരിശോധന തുടങ്ങും

തിരുവനന്തപുരം: കൊവിഡിന്റെ സാമൂഹിക വ്യാപനം തിരിച്ചറിയാനായി സംസ്ഥാനത്ത് ഒരു ദിവസം രണ്ടായിരം കൊവിഡ് പരിശോധനകൾ നടത്തും. ഇതിനായി ആർഎൻഎ വേർതിരിക്കുന്ന കിറ്റുകളും പിസിആർ കിറ്റുകളും കൂടുതലായി എത്തിച്ചു. രണ്ട് ലക്ഷം പിസിആര്‍ കിറ്റുകൾക്കും 3.39 ലക്ഷം ആര്‍ എൻ എ വേര്‍തിരിക്കുന്ന കിറ്റുകള്‍ക്കും കൂടി ഓർഡർ നല്‍കിയിട്ടുണ്ട്

ഇപ്പോൾ ശരാശരി ആയിരം പരിശോധനകളാണ് സംസ്ഥാനത്ത് ചെയ്യുന്നത്. ഇത് പോരെന്നാണ് വിലയിരുത്തൽ. പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിക്കാനായി, കൊവിഡ് ആശുപത്രിയായ പാരിപ്പളളി മെഡിക്കൽ കോളജ് അടക്കം കൂടുതല്‍ ഇടങ്ങളില്‍ പിസിആര്‍ പരിശോധന തുടങ്ങും. 45 മിനിട്ടില്‍ ഫലം കിട്ടുന്ന ട്രൂനാറ്റ് യന്ത്രങ്ങൾ 19 എണ്ണം ഉടൻ എത്തിക്കും. 

സെൻറിനെന്‍റല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായുള്ള മുൻഗണനാ വിഭാഗത്തിൽ പെട്ടവരുടെ റാൻഡം പരിശോധകൾ 7000 കടന്നു. ഇതും വർധിപ്പിക്കാനാണ് തീരുമാനം. സാമൂഹിക വ്യാപനം അറിയാൻ ഐസിഎംആറുമായി ചേര്‍ന്നുള്ള സീറോ സര്‍വേ പാലക്കാട് , എറണാകുളം , തൃശൂര്‍ ജില്ലകളിൽ തുടങ്ങി.

നിലവില്‍ 74961 പിസിആര്‍ കിറ്റുകളും ആര്‍ എൻ എ വേര്‍തിരിക്കുന്ന 99105 കിറ്റുകളും ഉണ്ട് , സ്രവമെടുക്കുന്ന ഉപകരണം 91578 എണ്ണം സ്റ്റോക്കുണ്ട്. ഷെല്‍ഫ് ലൈഫ് കുറവായ ആര്‍എൻഎ വേര്‍തിരിക്കുന്ന കിറ്റുകളും പിസിആര്‍ കിറ്റുകളും തീരുന്ന മുറയ്ക്ക് കൂടുതല്‍ എത്തിക്കും.

click me!