
തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങളിൽ തെരച്ചിൽ നിർത്താനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചെന്ന് വ്യാജ പ്രചാരണം. വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും കാണാതായവർക്കായി ഇപ്പോഴും ഊർജ്ജിതമായ തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് സർക്കാർ തെരച്ചിൽ നിർത്താൻ ആലോചിക്കുന്നതായി വ്യാജ പ്രചാരണം നടക്കുന്നത്.
കേരള ദുരന്ത നിവാരണ അതോറിറ്റി ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. "ഉരുൾപൊട്ടൽ നടന്ന ഒരു സ്ഥലത്തും തിരച്ചിൽ നിർത്താൻ തീരുമാനം എടുത്തിട്ടില്ല . തിരച്ചിൽ തുടരുന്നു എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA ) വ്യക്തമാക്കുന്നു," ഫെയ്സ്ബുക്കിൽ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
മഴ വന്‍ ദുരന്തം വിതച്ച വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും കാണാതായവർക്ക് വേണ്ടിയുളള ഇന്നും തുടരുന്നുണ്ട്. കവളപ്പാറയിൽ 26 പേരെയും പുത്തുമലയിൽ ഏഴുപേരെയും ഇനിയും കണ്ടെത്തിയില്ല. ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ ഏഴരയോടെ തുടങ്ങും. പുത്തുമലയിൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചിൽ നടത്തും.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറ മുത്തപ്പൻകുന്നിടിഞ്ഞുണ്ടായ ഉരുൾപൊട്ടലിൽ 59 പേരാണ് ഉൾപ്പെട്ടത്. ഒരാഴ്ച പിന്നിട്ട തെരച്ചിലിനൊടുവിൽ 31 പേരെയാണ് ആകെ കണ്ടെത്താനായത്. ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. കമല (55), സുകുമാരൻ (63), രാധാമണി 58 എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് മരിച്ചവരുടെ എണ്ണം 33 ആയി. ഇനി 26 പേരെയാണ് മണ്ണിനടിയിൽ നിന്ന് കണ്ടെത്താനുള്ളത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്ന് വൈകീട്ട് കവളപ്പാറയിലെത്തും. ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദർശിക്കും.
അതിശക്തമായ മണ്ണിടിച്ചില്‍ ദുരന്തം വിതച്ച് ഒരാഴ്ചയാവുമ്പോഴും പുത്തുമലയിൽ ഏഴ് പേർ ഇനിയും മണ്ണിനടിയിലാണ്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്. തുടർച്ചയായ നാല് ദിവസവും പുത്തുമലയിൽ നിന്ന് ആരെയും കണ്ടത്താനായില്ല. മണ്ണിനടിയിൽ പെട്ടവരെ കാണാൻ ഇടയുള്ള സ്ഥലങ്ങളുടെ ഭൂപടം തയാറാക്കിയാണ് തെരച്ചിൽ നടത്തുന്നത്. മണം പിടിച്ച് മൃതദേഹം കണ്ടെത്തുന്ന നായകളെ ഉപയോഗിച്ചും തെരച്ചിൽ നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam