സഹപ്രവർത്തകയെ കുറിച്ച് മോശം 'വോയ്‌സ് ക്ലിപ്' പ്രചരിപ്പിച്ചു; എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

By Web TeamFirst Published Apr 3, 2019, 12:58 PM IST
Highlights

ആശയുമായുളള സംഭാഷണം ഗിരീഷ് കുമാറാണ് റെക്കോർഡ് ചെയ്‌തത്. ഇത് കൈയ്യിൽ കിട്ടിയ ഷാജി വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു

തിരുവനന്തപുരം: സഹപ്രവർത്തകയെ കുറിച്ച് സംഭാഷണത്തിനിടെ മോശമായി സംസാരിച്ച രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഈ സംഭാഷണത്തിന്റെ ഓഡിയോ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ച മറ്റൊരു ഉദ്യോഗസ്ഥനെയും  സസ്പെന്റ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എസ്. ഷാജി, സിവിൽ എക്സൈസ് ഓഫീസർ ആർ.ജി. ഗിരീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ആർ.എസ്.ആശ എന്നിവരെയാണ് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് സസ്പെന്റ് ചെയ്തത്.

ആശയും ഗിരീഷ് കുമാറും തമ്മിലാണ് കേസിന് ആസ്‌പദമായ സംഭാഷണം നടന്നത്. വാമനപുരം എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയെ കുറിച്ചാണ് ഇവർ ഹീനമായ ഭാഷയിൽ അധിക്ഷേപിച്ച് സംസാരിച്ചത്. ആക്ഷേപിക്കപ്പെട്ട വനിതാ ഉദ്യോഗസ്ഥ ഇരുവർക്കുമെതിരെ എക്സൈസ് കമ്മിഷണർക്ക് നേരിട്ട് പരാതി നൽകി. സംഭാഷണത്തിന്റെ ഓഡിയോ സിഡിയും തെളിവായി കമ്മിഷണർക്ക് മുന്നിൽ സമർപ്പിച്ചു.

ദക്ഷിണ മേഖലാ ജോയിന്റ് എക്സൈസ് കമ്മിഷണറാണ് കേസ് അന്വേഷിച്ചത്. ആശയും ഗിരീഷ് കുമാറും തങ്ങളാണ് സംഭാഷണം നടത്തിയതെന്ന് സമ്മതിച്ചു.  സ്വകാര്യ സംഭാഷണത്തിൽ പോലും സഹപ്രവർത്തകയുടെ അഭിമാനത്തെ അവമതിക്കുന്നതും, സ്ത്രീത്വത്തെ ആക്ഷേപിക്കുന്നതുമായ ആരോപണങ്ങൾ അനുവദിക്കാനാവില്ലെന്നാണ് കമ്മിഷണർ സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയത്.

സംഭാഷണത്തിൽ മുതിർന്ന ഉദ്യോഗസ്ഥരെ കുറിച്ചും ഇരുവരും മോശമായി സംസാരിച്ചിരുന്നു. പരിഹാസത്തോടെയും പുച്ഛത്തോടെയുമായിരുന്നു ഇരുവരും സംസാരിച്ചതെന്ന് ആരോപണമുണ്ട്. സംഭാഷണം ഗിരീഷ് കുമാറാണ് റെക്കോർഡ് ചെയ്തത്. ഇതിൽ ആറ്റിങ്ങൽ ബിവറേജസ് കോർപ്പറേഷനിലെ പ്രിവന്റീവ് ഓഫീസർ ഷാജിയുടെ സർവ്വീസ് ബുക്ക് കീറിയതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. ഗിരീഷ് കുമാർ അയച്ചുകൊടുത്ത ഓഡിയോ ഷാജി വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചു. ഇതിനാണ് ഷാജിയെയും സസ്പെന്റ് ചെയ്തത്.

മൂന്ന് ഉദ്യോഗസ്ഥരുടെയും പ്രവർത്തി ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണെന്നാണ് കമ്മിഷണർ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഇത് കടുത്ത അച്ചടക്ക ലംഘനമായി കണ്ടാണ് സസ്പെൻഷൻ നൽകാൻ തീരുമാനിച്ചത്.

click me!