ലഹരിയായി മരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയെന്ന് എക്സൈസ് വകുപ്പ്; മരണം വരെ സംഭവിക്കാമെന്ന് ഡോക്ടമാർ

By Web TeamFirst Published Aug 2, 2020, 8:46 AM IST
Highlights

നാഡീ രോഗങ്ങള്‍ക്കുപയോഗിക്കുന്ന മരുന്നുകളും വേദന സംഹാരികളുമാണ് ലഹരിയ്ക്കായി ഉപയോഗിക്കുന്നത്. ഇതിന് അടിമകളായതാകട്ടെ സ്കൂള്‍ കുട്ടികളും ചെറുപ്പക്കാരുമാണ്. 

കൊല്ലം: ചികിത്സക്കായുള്ള മരുന്നുകള്‍ ലഹരിയായി ഉപയോഗിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നു.  മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം 40 ശതമാനം കൂടിയെന്നാണ് എക്സൈസ് വകുപ്പ് കണക്ക്. 

നാഡീ രോഗങ്ങള്‍ക്കുപയോഗിക്കുന്ന മരുന്നുകളും വേദന സംഹാരികളുമാണ് ലഹരിയ്ക്കായി ഉപയോഗിക്കുന്നത്. ഇതിന് അടിമകളായതാകട്ടെ സ്കൂള്‍ കുട്ടികളും ചെറുപ്പക്കാരുമാണ്. പ്രായം 30 നും താഴെ പ്രായമുള്ളവരാണ് ലഹരി നുണഞ്ഞ് സ്വബോധം നഷ്ടപ്പെടുന്നവരില്‍ ഏറെയും. ലഹരിക്കായി 20 ഗുളികകള്‍‍ വരെ ഒരു സമയം ഉപയോഗിക്കുന്നവരുണ്ട്. കഴിച്ചു കഴിഞ്ഞാൽ പിന്നെ വല്ലാത്തൊരു മാനസികാവസ്ഥയാണ് ഇവര്‍ക്ക്. ആളുകളെ പോലും തിരിച്ചറിയാനാകില്ല. എന്തും ചെയ്യുന്ന അവസ്ഥ.

ലഹരിയായി ഉപയോഗിക്കാൻ പറ്റുന്ന മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് യഥേഷ്ടം കിട്ടുന്നുമുണ്ട്. എപ്പോള്‍ വേണമെങ്കിലും ഈ മരുന്നുകള്‍ ലഭ്യമാകും. ഒരു ദിവസം മരുന്ന് ഉപയോഗിക്കാൻ ചെലവ് 100 രൂപയിലും താഴെയാണ് വില. പൊലീസിനെ പേടിക്കണ്ട. വീട്ടുകാര്‍ അറിയുകയുമില്ല. ഇതുതന്നെയാണ് യുവാക്കളെ മരുന്ന് ലഹരിയാക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഇതില്‍ പതിയിരിക്കുന്ന അപകടം പക്ഷേ ഇവര്‍ തിരിച്ചറിയുന്നില്ല. മരണം വരെ സംഭവിക്കാമെന്നാണ് ഡോക്ടമാർ അഭിപ്രായപ്പെടുന്നത്.

click me!