പ്രളയ സഹായം: മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ സഹായമൊന്നും കിട്ടിയില്ല, ചെലവ് 3.72 ലക്ഷം

By Web TeamFirst Published Jun 6, 2019, 5:30 PM IST
Highlights

പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് നാല് മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. 

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും കിട്ടിയില്ലെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രയ്ക്കായി മൂന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ ചെലവായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് നാല് മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. 

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് ഗള്‍ഫ് മലയാളികളുടെ സഹായം തേടി ഒക്ടോബറിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ അടക്കമുളള രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു യാത്രാനുമതി നല്‍കിയത്. ഈ സന്ദര്‍ശനം വഴി നവകേരള നിര്‍മാണത്തിന് എത്ര തുക സമാഹരിക്കാനായെന്നായിരുന്നു ഇക്കഴിഞ്ഞ ജനുവരി 28ന് വിടി ബല്‍റാം എംഎല്‍എ നിയമസഭയില്‍ ചോദിച്ചത്. എന്നാല്‍ ഈ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകളിലും സര്‍ക്കാര്‍ മൗനം പാലിച്ചു. 

നവകേരള നിര്‍മാണത്തിനായി മുഖ്യമന്ത്രി യൂറോപ്പ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതോടെ പ്രതിപക്ഷം പ്രശ്നം വീണ്ടുമുന്നയിച്ചു. പിന്നാലെയാണ് നിയമസഭാ വെബ്സൈറ്റില്‍ മുഖ്യമന്ത്രിയുടെ മറുപടി പ്രത്യക്ഷപ്പെട്ടത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടി മുഖ്യമന്ത്രിയും നോര്‍ക്ക സെക്രട്ടറിയും ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും യാത്രയ്ക്കായി 3,72,731 രൂപയും ഡിഎ ഇനത്തില്‍ 51,960 രൂപയും ചെലവായെന്നും മറുപടിയിലുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായമൊന്നും കിട്ടിയിട്ടില്ലെന്നാണ് സി എഫ് തോമസ്, പി ജെ ജോസഫ്, മോന്‍സ് ജോസഫ്, എന്‍ ജയരാജ് എന്നിവരുടെ ചോദ്യത്തിന് നല്‍കിയ മറുപടി. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1372 കോടി രൂപ അനുവദിച്ചതായും മറുപടിയിലുണ്ട്.

click me!