പ്രളയം; രക്ഷാപ്രവര്‍ത്തനത്തിന് ഒമ്പത് കോളം സൈനികര്‍

By Web TeamFirst Published Aug 9, 2019, 5:31 PM IST
Highlights

തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് മൂന്ന് കോളം സൈന്യത്തെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലേക്ക് നിയോഗിച്ചു.

തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായതോടെ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സൈനികരെ വിന്യസിച്ചു. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഒമ്പത് കോളം സൈന്യത്തെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. 

കണ്ണൂരിൽ നിന്ന് ഓരോ കോളം സൈന്യത്തെ വീതം വയനാട്, കണ്ണൂർ, ഇരിട്ടി, കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഒരു കോളം സൈന്യത്തെ കുടകിലെ വിരാജ് പേട്ടിലും വിന്യസിച്ചിട്ടുണ്ട്. ഓരോ കോളത്തിലും അറുപത് സൈനികര്‍ വീതമാണുള്ളത്. 

തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് മൂന്ന് കോളം സൈന്യത്തെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലേക്ക് നിയോഗിച്ചു. പാങ്ങോട് നിന്ന് പോയിരിക്കുന്ന ഓരോ സംഘത്തിലും  62 സൈനികര്‍ വീതമാണുള്ളത്.  

വ്യോമസേനയ്ക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മിഗ് 17 വിമാനങ്ങളും ഹെലികോപ്ടറുകളും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. തീരദേശ സംരക്ഷണ സേനയുടെ 16 ടീമുകൾ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. തീരദേശ സംരക്ഷണ സേനയുടെ മുന്ന് ടീമുകൾ ബേപ്പൂരിലുണ്ട്. ഇവർ ഇതുവരെ 500 പേരെ രക്ഷിച്ചു. കൊച്ചിയിൽ 10 ടീമുകളെയും  വിഴിഞ്ഞത്ത് മൂന്നു  ടീമുകളെയും തയ്യാറാക്കി നിർത്തിയിരിക്കുകയാണ്. 

click me!