
വയനാട്: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മേപ്പാടി പഞ്ചായത്ത് ചെലവാക്കിയ പണം നല്‍കാനാകില്ലെന്ന് സർക്കാർ. ആദ്യഘട്ടത്തില്‍ ചെലവ് വന്ന അഞ്ചര ലക്ഷത്തോളം രൂപ ആവശ്യപ്പെട്ട് കത്ത് നല്‍കിയപ്പോഴാണ് തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കാൻ ദുരന്ത നിവാരണ അതോറിറ്റി മറുപടി നല്‍കിയത്. ഉരുള്‍പൊട്ടലില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടിരിക്കെ, പഞ്ചായത്തിനോടുള്ള സംസ്ഥാന സർക്കാർ സമീപനം ശരിയല്ലെന്നാണ് ഉയരുന്ന വിമർശനം.
അടിയന്തര ചെലവുകള്‍ തല്‍ക്കാലം കൈയ്യില്‍ നിന്ന് എടുക്കൂ പിന്നിട് തുക ലഭ്യമാക്കാമെന്നായിരുന്നു ഉദ്യോഗസ്ഥർ വഴി പഞ്ചായത്തിന് സർക്കാർ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നത്. ഇത് പ്രകാരം ചെലവുകള്‍ നടത്തിയ മേപ്പാടി പഞ്ചായത്താണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആംബുലൻസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും മൃതദേഹം സൂക്ഷിച്ച ഫ്രീസറിന്‍റെ ആവശ്യത്തിനുമെല്ലാമായി മേപ്പാടി പഞ്ചായത്തിന് അഞ്ചരലക്ഷത്തോളം രൂപ ചെലവായി. ഇത് ചോദിച്ച് പഞ്ചായത്ത് ദുരന്ത നിവാരണ അതോറിറ്റിക്ക് കത്ത് നല്‍കിയെങ്കിലും തുക പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. അടിസ്ഥാനമായി സർക്കാരിന്‍റെ ഉത്തരവും അതോറിറ്റി ചൂണ്ടിക്കാട്ടി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 23 ലക്ഷം രൂപയാണ് ദുരന്തവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് ചെലവായിട്ടുള്ളത്. ഇനിയും ബില്ലുകള്‍ ലഭിക്കാനിരിക്കെ ചെലവ് ഇനിയും കൂടുമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു. ഉരുള്‍പ്പൊട്ടല്‍ ദുരന്തം ചൂണ്ടിക്കാട്ടി വന്ന നഷ്ടവും ചെലവുകളും ചൂണ്ടിക്കാട്ടി കേന്ദ്രത്തോട് സംസ്ഥാനം സഹായം അഭ്യർത്ഥിച്ചിരിക്കെ തങ്ങളോട് ഈ നിലപാട് സ്വീകരിക്കുന്നതില്‍ ഇരട്ടത്താപ്പുണ്ടെന്ന് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് കുറ്റപ്പെടുത്തുന്നു.
ദുരന്തവുമായി ബന്ധപ്പെട്ടുള്ള പുനരധിവാസ ക്ഷേമ പ്രവർത്തനങ്ങള്‍ക്ക് വലിയ തുക പഞ്ചായത്ത് കണ്ടെത്തേണ്ടതുണ്ടെന്നും നികുതി വരുമാനം കൊണ്ട് മുന്നോട്ട് പോകാനാകില്ലെന്നും പഞ്ചായത്ത് പറയുന്നു. പെര്‍മിറ്റ് ഫീസില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ 47 ലക്ഷം രൂപ തിരിച്ച് നല്‍കേണ്ടതും ഇതിന് ഒപ്പം പഞ്ചായത്തിന് ബാധ്യതയായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam