
തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണക്കടത്തിന് ഒരു വർഷമാകുമ്പോൾ കേന്ദ്ര-സസ്ഥാന ഏജൻസികൾ തമ്മിലുള്ള അസാധാരണ നിയമ പോരാട്ടത്തിന് കൂടിയാണ് കേരളം സാക്ഷിയാകുന്നത്. കേന്ദ്ര ഏജൻസിയെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്നത് രണ്ട് ക്രിമിനൽ കേസുകളും ഒരു ജുഡീഷ്യൽ കമ്മീഷൻ അന്വേഷണവുമാണ്. ഇതോടെ കള്ളപ്പണ ഇടപാട് അന്വേഷിക്കാനെത്തിയ ഇഡിയ്ക്ക് സ്വന്തം കേസിനെ പ്രതിരോധിക്കാൻ കോടതി കയറിയിറങ്ങേണ്ട സാഹചര്യമായി.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു കേന്ദ്ര ഏജൻസിയ്ക്ക് എതിരെ തെളിവ് തേടി ജുഡീഷ്യൽ കമ്മീഷൻ പത്ര പരസ്യം നൽകുന്നത്. ജസ്റ്റിസ് വികെ മോഹൻ കമ്മീഷൻ നടത്തിയ ആ നീക്കം എൻഫോഴ്സ്മെന്‍റും സർക്കാരും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന്‍റെ തുടക്കമായിരുന്നു. സ്വർണ്ണക്കടത്തിലും കള്ളപ്പണ ഇടപാടിലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മന്ത്രിമാർക്കെതിരെയും കേന്ദ്ര ഏജൻസികൾ തകൃതിയായി അന്വഷണം നടത്തുന്നതിനിടെ അതിനെ പ്രതിരോധിക്കാൻ സർക്കാർ നടത്തിയ രാഷ്ട്രീയ നീക്കമായിരുന്നു ക്രൈംബ്രാഞ്ച്, ജുഡീഷ്യൽ അന്വേഷണങ്ങൾ. ടോപ് ഗീയറിൽ അന്വേഷണം കൊണ്ടുപോയ ഇഡിയ്ക്ക് ഇതോടെ സ്വന്തം കേസിനെ പ്രതിരോധിക്കണ്ട സാഹചര്യമായി.
രണ്ട് കേസുകളാണ് ക്രൈാംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. സ്വപ്ന സുരേഷിന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയിലാണ് ഒന്നാമത്തെ കേസ്. പ്രതി സന്ദീപ് നായർ ജയിലിൽ നിന്ന് കോടതിയ്ക്ക് അയച്ച് കത്തിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തേത്. ക്രൈംബ്രാഞ്ചിന്‍റെ രണ്ട് കേസും ഹൈക്കോടതി റദ്ദാക്കി. എന്നാൽ കണ്ടെത്തലുകൾ പരിശോധിക്കാൻ കീഴ്കോടതിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എഫ്ഐആർ നിലനിൽക്കില്ലെന്ന് വിലയിരുത്തിയ കോടതി ക്രൈംബ്രാഞ്ച് കണ്ടെത്തിയ തെളിവ് പരിശോധിക്കാൻ കീഴ് കോടതിയോട് ആവശ്യപ്പെട്ട നടപടി നിയമപരമായി ശരിയല്ലെന്നാണ് ഇഡിയുടെ വാദം.
ഇക്കാര്യം ചൂണ്ടികാട്ടി സുപ്രീം കോടതിയിലാണ് ഇഡി. എന്നാൽ എഫ്ഐആർ റദ്ദാക്കിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതി ഡിവിഷൻ ബഞ്ചിലും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍റെ സ്ഥിതി ഇങ്ങനെ ആണെങ്കിൽ ജുഡീഷ്യൽ അന്വഷണം മുന്നോട്ട് പോകുക തന്നെയാണ്. കമ്മീഷൻ പ്രവർത്തനം നിയമപരമല്ലെന്ന് ചൂണ്ടികാട്ടി ഇതിനെയും ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam