
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് നിയമ പരിശോധന തുടങ്ങി സംസ്ഥാന സർക്കാർ. നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. നിയമ ഭേദഗതിക്കെതിരെ യുഡിഎഫും കടുത്ത സമരത്തിലേക്ക് നീങ്ങുകയാണ്. നാളെ ചേരുന്ന കെപിസിസി നേതൃയോഗം തുടർ സമര പരിപാടികൾ തീരുമാനിക്കും. അതേസമയം, നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചു. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് ഹർജി നൽകും.
പൗരത്വ നിയമഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസാക്കുകയും സുപ്രീംകോടതിയിലെത്തുകയും ചെയ്ത കേരളം തുടര്‍ പോരാട്ടത്തിനൊരുങ്ങുകയാണ്. നിലവിലുള്ള ഹര്‍ജി വീണ്ടും പരാമര്‍ശിക്കാനോ പുതിയ ഹര്‍ജി നല്‍കാനോ ആണ് നീക്കം. പൗരത്വ ഭേദഗതി വിജ്ഞാപനം ജനങ്ങളെ വിഭജിക്കാനും, വര്‍ഗീയ വികാരം കുത്തിയളക്കാനുമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ഇറക്കിയതും, മുസ്ലീം വിഭാഗത്തെ ഒഴിച്ച് നിര്‍ത്തിയതും ഭരണഘടനയുടെ 14, 21, 25 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. പൗരത്വ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുള്ളപ്പോള്‍ കേന്ദ്രസര്‍ക്കാര് വിജ്ഞാപനം ഇറക്കിയത് നിയമ വിരുദ്ധമെന്നാണ് മുസ്ലീം ലിഗിന്‍റെ വാദം. ഇപ്പോഴത്തെ നടപടി ഭരണഘടന വിരുദ്ധമെന്ന് തെളിഞ്ഞാല്‍ നല്‍കിയ പൗരത്വം പിന്‍വലിക്കേണ്ടി വരുന്നത് ഗുരുതരമായ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ലീഗ് ഹര്‍ജി നല്‍കും.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്. മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. രണ്ടായിരത്തി പത്തൊമ്പതിൽ പ്രതിഷേധങ്ങൾക്ക് ശേഷം മരവിപ്പിച്ച പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്. ഭരണഘടന നിർമ്മാതാക്കൾ അയൽരാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങൾക്ക് നൽകിയ വാക്ക് നരേന്ദ്ര മോദി പാലിച്ചിരിക്കുന്നു എന്ന് അമിത് ഷാ അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിലെ അഭയാർത്ഥികൾക്കാവും പൗരത്വം നൽകുന്നത്.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ മുമ്പും പ്രതിഷേധമുയര്‍ന്ന അസമില്‍ ഹര്‍ത്താല്‍ തുടരുകയാണ്. അസം യുണൈറ്റഡ് ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താലിലില്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ സംഘടനയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. പല സംസ്ഥാനങ്ങളിലും പ്രതിഷേധമുയരമ്പോള്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടിക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. പൗരത്വ നിയമഭേദഗതിക്കതെതിരെ നേരത്തെ വലിയ പ്രതിഷേധമുയര്‍ന്ന ഷഹിന്‍ ബാഗടക്കം കര്‍ശന നിരീക്ഷണത്തിലാണ്. നോയിഡയില്‍ പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി.