സ്പ്രിംഗ്ളർ കരാ‌ർ പുറത്ത് വിട്ട് സർക്കാർ; വിവരങ്ങളുടെ അന്തിമ അവകാശം പൗരനാണെന്ന് വിശദീകരണം

By Web TeamFirst Published Apr 15, 2020, 11:31 AM IST
Highlights
വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്നും, കമ്പനി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതായും സർക്കാർ വിശദീകരിക്കുന്നു. വിവരങ്ങളുടെ സമ്പൂർണ്ണ അവകാശം സർക്കാരിനാണെന്ന് സ്പ്രിംഗ്ളർ കമ്പനി ഐടി സെക്രട്ടറിക്കയച്ച കത്തിലും വിശദീകരിക്കുന്നു. 
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി സ്പ്രിംഗ്ളർ കമ്പനിയുമായുള്ള കരാറും കത്തിടപാടുകളും സർക്കാർ പുറത്തുവിട്ടു. വിവരങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന വ്യവസ്ഥ കരാറിലുണ്ട്. എന്നാൽ വിവാദമായ ശേഷം സ്പ്രിംഗ്ളർ അയച്ച കത്തിലാണ് സ്വകാര്യത ഉറപ്പാക്കുന്ന കൂടുതൽ വിശദീകരണങ്ങൾ ഉൾപ്പെടുത്തുന്നത്.

സ്പ്രിംഗ്ള‌ർ വിവാദത്തിൽ പ്രതിപക്ഷം പ്രധാനമായും ആവശ്യപ്പെട്ടത് കരാർ പുറത്തുവിടണമെന്നായിരുന്നു. ഏപ്രിൽ രണ്ടിന് ഒപ്പിട്ട കരാറും  സ്പ്രിംഗ്ളർ കമ്പനി ഐടി സെക്രട്ടറിക്ക് അയച്ച രണ്ട് കത്തുകളും അനുബന്ധരേഖകളുമാണ് ഇപ്പോൾ സ‍ർക്കാർ പുറത്തുവിട്ടത്
മാർച്ച് 25 മുതൽ സെപ്തംബർ 24 വരെയുള്ള വിവരങ്ങളാണ് കമ്പനിക്ക് നൽകേണ്ടതെന്നാണ് മുൻകൂർ കരാറിലെ വ്യവസ്ഥ.

വിവരങ്ങൾ കൈമാറ്റം ചെയ്യരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും പകർപ്പുണ്ടാക്കി സൂക്ഷിക്കരുതെന്നും രൂപമാറ്റം ചെയ്യരുതെന്നും വ്യവസ്ഥയുണ്ട്. കേരളം ആവശ്യപ്പെട്ടാൽ വിവരങ്ങൾ തിരികെ നൽകണം. 

എന്നാൽ സ്വകാര്യത സംബന്ധിച്ച കൂടുതൽ ഉറപ്പുകൾ ഉള്ളത് ഏപ്രിൽ11നും 12നും സ്പ്രിംഗ്ളർ അയച്ച കത്തിലാണ്. അതായത് പ്രതിപക്ഷനേതാവ് പത്തിന് കരാറിനെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചശേഷം മാത്രം. 

ഈ കത്തുകളിൽ വിവരങ്ങളുടെ അന്തിമഅവകാശം പൗരന്മാർക്കാണെന്ന് പറയുന്നു. പക്ഷെ പൗരന്മാരുടെ സമ്മതത്തോടും അറിവോടും കൂടിമാത്രമേ കൈമാറാകൂ എന്നും അതിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കുന്നു. പക്ഷെ അത്തരം സമ്മതമില്ലാതെയാണ് ഇതുവരെയുള്ള വിവരശേഖരണം. മാത്രമല്ല കരാറിൽ ഏത് തീരിയിലാണ് വിവരശേഖരണം എന്നും വ്യവസ്ഥ ലംഘിച്ചാലുള്ള നടപടികളും വിശദീകരിക്കുന്നുമില്ല.  

സ്വകാര്യത ഉറപ്പാക്കുമെന്ന് പറയുമ്പോഴും തർക്കമുണ്ടായാൽ അമേരിക്കൻ നിയമപ്രകാരമാണ് നടപടികളെന്നു പറയുന്നു. എന്ത് കൊണ്ട് സ്വകാര്യതാ ഉറപ്പാക്കലിന് വിവാദങ്ങൾക്ക് മുമ്പ് കൂടുതൽ പ്രധാന്യം നൽകിയില്ലെന്ന ചോദ്യം ഇപ്പോഴും പ്രസക്തം. ഒപ്പം സ്പ്രിംഗ്ളറിനെ തെരഞ്ഞെടുത്തതിന്‍റെ മാനദണ്ഡം ഇപ്പോഴും അവ്യക്തമായി തന്നെ തുടരുന്നു.
"
click me!