Latest Videos

ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുറച്ചത് പുനപരിശോധിക്കില്ല; നിലപാടിലുറച്ച് കേരളം

By Web TeamFirst Published Nov 11, 2020, 12:46 PM IST
Highlights

അമിതവേഗത്തിനുള്ള 3000 രൂപ പിഴ ആദ്യ ലംഘനത്തിന് 1500 ആയും കുറച്ചിരുന്നു. സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷ സമിതി ഇത് പുനപരിശോധക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന് കത്ത് നല്‍കി

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ച നടപടിയില്‍  കേരളം തത്ക്കാലം  മാറ്റം വരുത്തില്ല. കേന്ദ്ര നിയമഭേദഗതിയില്‍ പരമാവധി പിഴയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അതില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നുമാണ് കേരളത്തിന്‍റെ നിലപാട്.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ ഉയര്‍ത്തി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ , മദ്യപിച്ച് വാഹനമോടിക്കുന്നതിനൊഴിച്ച് മിക്ക നിയമലംഘനങ്ങള്‍ക്കുമുള്ള പിഴ കുറച്ച് കേരളം ഉത്തരവിറക്കി. ഹൈല്‍മറ്റ് ധരിക്കാത്തതിനും സീറ്റ് ബെല്‍റ്റ് ഇടാത്തതിനും 1000 രൂപ പിഴയെന്നത് കേരളം 500 ആയി കുറച്ചിരുന്നു.

അമിതവേഗത്തിനുള്ള 3000 രൂപ പിഴ ആദ്യ ലംഘനത്തിന് 1500 ആയും കുറച്ചിരുന്നു. സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷ സമിതി ഇത് പുനപരിശോധക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന് കത്ത് നല്‍കി. ഏതൊക്കെ നിയമലംഘനങ്ങളുടെ പിഴയാണ് കുറച്ചതെന്നതടക്കമുള്ള വിവരങ്ങളും വിശദീകരണവും നല്‍കാനും സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. ഗതാഗത സെക്രട്ടറിയും, ഗതാഗത കമ്മീഷണറുമായും ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തി.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പരമാവധി ശിക്ഷയാണ് നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസ് തീര്‍പ്പാക്കുന്നതിന്  പിഴയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. ഈ അധികാരമാണ് കേരളം വിനിയോഗിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം സുപ്രീംകോടതി സമിതിയെ ഉടന്‍ അറിയിക്കാനും തീരുമാനമായി.

click me!