
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്. പന്ത്രണ്ടരക്ക് മാസ്ക്കറ്റ് ഹോട്ടലിലെ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.
സജി ചെറിയാൻ വിവാദ പരാമർശം തിരുത്തിയതിനാൽ കെസിബിസി പ്രതിനിധികൾ പങ്കെടുക്കാൻ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവടക്കം കോൺഗ്രസ്, ബിജെപി നേതാക്കൾക്കും ക്ഷണമുണ്ടെങ്കിലും ഇവരാരും വിരുന്നിൽ പങ്കെടുക്കാൻ സാധ്യതയില്ല. കഴിഞ്ഞ വർഷം 570 പേരായിരുന്നു വിരുന്നിൽ പങ്കെടുത്തത്. 9 ലക്ഷത്തി 24,160 രൂപയായിരുന്നു മുൻവർഷത്തെ വിരുന്നിന്റെ ചെലവ്.
അതേസമയം, സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഒന്നര മാസത്തിന് ശേഷമാണ് മന്ത്രിസഭാ യോഗം തിരുവനന്തപുരത്ത് ചേരുന്നത്. നവകേരളസദസ് ആയിരുന്നതിനാൽ പതിവ് കാബിനറ്റ് ഇതുവരെ വിവിധ ജില്ലകളിലായിരുന്നു. നിയമസഭാ സമ്മേളനത്തിന്റെ തിയ്യതി ഇന്നത്തെ യോഗം പരിഗണിച്ചേക്കും. ഈ മാസം അവസാനം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം തുടങ്ങാനാണ് ആലോചന. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായ ശേഷം ചേരുന്ന ആദ്യ കാബിനറ്റ് യോഗം കൂടിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam