
തിരുവനന്തപുരം: കുട്ടിക്കാലം മുതലുള്ള ആര്‍എസ്എസ് ബന്ധം തുറന്നുപറഞ്ഞ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നപ്പോഴാണ് ഭാരതാംബ സങ്കല്‍പം ശക്തമായതെന്നും ബിജെപി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറയുന്നു. ഗവര്‍ണറോട് മുട്ടാന്‍ പോകുന്നവര്‍ അദ്ദേഹം തീയില്‍ കുരുത്തതാണെന്ന് മനസിലാക്കണമെന്ന് ആര്‍എസ്എസ് നേതാവും ഫേസ് ബുക്കില്‍ കുറിച്ചു. രാജ്‍ഭവന്‍റെ നിര്‍ദേശപ്രകാരമാണ് ഒരു സംഘം പ്രതിഷേധവുമായി ഇറങ്ങിയതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു.
രാജ്ഭവനിലെ സ്വന്തം മുറിയില്‍ ഹെഡ്ഗേവാറിന്‍റെയും ഗോള്‍വര്‍ക്കറിന്‍റെയും ഭാരതമാതാവിന്‍റെയും ചിത്രങ്ങള്‍ക്ക് താഴെ ഇരിപ്പിടമുള്ള രാജേന്ദ്ര ആര്‍ലേക്കറിന്‍റെ ആര്‍എസ്എസ് ബന്ധം എടുത്തുപറയുകയാണ് ജന്മഭൂമി ലേഖനം.
അടിയന്തരാവസ്ഥക്കാലത്ത് പോരാടാനുള്ള മനസുറപ്പുണ്ടായി, ഭാരതമാതാ സങ്കല്‍പ്പം തെളിമയോടെ മനസിലായി, ഇത് സംഘപ്രചാരകനാകാനുള്ള പ്രേരണാബലമായി. ഗവര്‍ണറുടെ വാക്കുകളെ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ ഏറ്റെടുത്തു.
എഴുതിക്കൊടുക്കുന്നത് പോലും കൂട്ടി വായിക്കാനറിയാത്ത മന്ത്രി വി.ശിവന്‍കുട്ടിയുടെ ചവിട്ട് നാടക ഗുണ്ടായിസമൊന്നും ഗവര്‍ണറോട് വേണ്ടെന്നാണ് ആര്‍എസ്എസ് നേതാവ് ജെ.നന്ദകുമാര്‍ പറയുന്നത്. കാവിക്കൊടിയേന്തി നില്‍ക്കുന്നത് ഭാരതാംബ ചിത്രമാണെന്ന് ഒരു പഞ്ചായത്ത് പോലും പ്രമേയം പാസാക്കിയിട്ടില്ലെന്നും തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാജ്‍ഭവനാണെന്നും മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു.
പ്രതിഷേധത്തിന്‍റെ പേരില്‍ അപകടം ഉണ്ടാകുംവിധം തന്‍റെ വാഹനത്തിന് മുന്നിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ ചാടിവീഴുകയാണെന്നും മന്ത്രി പറഞ്ഞു. ഭാരതാംബയെ അവഹേളിച്ചുവെന്നാരോപിച്ച് മന്ത്രിക്കെതിരെയുള്ള പ്രതിഷേധം ബിജെപിയും പോഷകസംഘടനകളും തുടരുകയാണ്.