
വയനാട്: മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായം നൽകും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തിൽ 9 പേരാണ് മരിച്ചത്. മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളായിരുന്നു.
ആഗസ്ത് 25 ന് വൈകിട്ട് മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കണ്ണോത്തുമലയില്‍ ജീപ്പ് കൊക്കയിലേക്ക് വീഴുകയായിരുന്നു. മരിച്ചവരെല്ലാം സ്ത്രീകളാണ്. മക്കിമല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ 9 പേരും മരിച്ചു. 12 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പലർക്കും തലയ്ക്ക് ക്ഷതമേറ്റു. ഇതാണ് മരണ കാരണം. പാറയും വെള്ളവുമൊക്കെ നിറഞ്ഞ സ്ഥലത്തെ അപകടം രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി പറയുകയുണ്ടായി. പക്ഷെ കുറ്റക്കാർക്ക് എതിരായ നിയമ നടപടി വൈകുന്നതില്‍ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രതിഷേധമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam