
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ സ്തംഭനാവസ്ഥയിൽ ആയ ടൂറിസം മേഖലയിൽ ഉള്ളവർക്ക് സഹായ ധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഹൗസ് ബോട്ടുകൾക്കും, ടൂറിസ്റ്റ് ഗൈഡുകൾക്കും ഒറ്റത്തവണ സഹായം നൽകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
കോവിഡിൽ സംസ്ഥാനത്തെ ടൂറിസം മേഖലയിൽ നഷ്ടമായത് ഇരുപത്തിഅയ്യായിരം കോടി രൂപ. ദുരിതത്തിൽ ആയത് പതിനായിരങ്ങൾ. ഈ സാഹചര്യത്തിൽ ആണ് ടൂറിസം മേഖലയെ കരകയറ്റാൻ കൂടുതൽ പദ്ധതികൾ സർക്കാർ ആവിഷകരിക്കുന്നത്.
ഹൗസ് ബോട്ടുകൾക്ക് മുറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എൻപതിനായിരം, ഒരു ലക്ഷം, ഒരു ലക്ഷത്തി ഇരുപതിനായിരം എന്നിങ്ങനെ ഒറ്റത്തവണ സഹായധനം നൽകും. ഹൗസ് ബോട്ടുകളുടെ മെയിന്റനൻസ് ഗ്രാന്റ് എന്ന നിലയിൽ ആണ് അനുവദിക്കുന്നത്.
ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 328 ടൂറിസ്റ്റ് ഗൈഡുകൾക്ക് പതിനായിരം രൂപ വീതവും ഒറ്റത്തവണ സഹായധനം നൽകും. ഇതിനായി മുപ്പത്തി രണ്ട് ലക്ഷത്തി എൻപതിനായിരം രൂപയുടെ ഭരണാനുമതി സർക്കാർ നൽകി.
ഹോംസ്റ്റേകളുടെ കെട്ടിട നികുതി വാണിജ്യ നിരക്കിൽ നിന്നും റസിഡൻഷ്യൽ ഹോംസ്റ്റേ വിഭാഗത്തിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ടൂറിസം സംരംഭകർക്കും തൊഴിലാളികൾക്കുമായി 455 കോടിയുടെ വായ്പ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam