
ദില്ലി: പ്ലസ് ടു കോഴക്കേസിലെ ലീഗ് നേതാവ് കെ.എം ഷാജിയുടെ വാദങ്ങൾ തള്ളി സംസ്ഥാന സർക്കാർ. കേസ് രാഷ്ട്രീയ പ്രേരിതമെന്ന ഷാജിയുടെ ആരോപണം തെറ്റെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കേസിലെ ഭൂരിപക്ഷം സാക്ഷികളും മുസ്ലിം ലീഗ് പ്രവർത്തകരും മുൻ ഭാരവാഹികളുമാണ്. സംശയാസ്പദമായ ഇടപാടുകളാണ് കേസിൽ നടന്നിരിക്കുന്നതെന്നും സുപ്രീം കോടതിയിൽ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടാനാണ് കെഎം ഷാജി ശ്രമിക്കുന്നതെന്ന് സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു. കേസിലെ സ്കൂൾ മാനേജറും, ടീച്ചർമാരും സത്യം മറയ്ക്കാനാണ് ശ്രമിക്കുന്നത്. സത്യം പുറത്ത് വരാൻ വിശദമായ അന്വേഷണം വേണം. ഹർജി തള്ളണമെന്ന ഷാജിയുടെ അപേക്ഷ അംഗീകരിക്കരുതെന്നും മറുപടി സത്യവാങ്മൂലത്തിൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം തന്റെ രാഷ്ട്രീയ ഭാവി തകർക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ വിജിലൻസ് പ്ലസ് ടു കോഴക്കേസ് രജിസ്റ്റർ ചെയ്തത് എന്നാണ് കെഎം ഷാജിയുടെ വാദം. കേസിൽ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് ഹൈക്കോടതി റദ്ദാക്കിയതെന്നും സർക്കാർ അപ്പീൽ പിഴയോടെ തള്ളണമെന്നും കെ.എം ഷാജി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാരാണ് അപ്പീൽ സമർപ്പിച്ചത്. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം നൽകിയത്. ഹർജി വെള്ളിയാഴ്ച്ച ജസ്റ്റിസ് അഭയ് ഓകാ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam