പ്രളയബാധിത മേഖലകളിലെ സൗജന്യ റേഷൻ: വിതരണം തുടങ്ങാനാവാതെ സർക്കാ‍ർ

By Web TeamFirst Published Aug 23, 2019, 6:53 AM IST
Highlights

പ്രളയബാധിത മേഖലകളിൽ രണ്ടാഴ്ചത്തേയ്ക്ക് സൗജന്യറേഷൻ നൽകാൻ മന്ത്രിസഭ തീരുമാനമെടുത്തിട്ട് പത്ത് ദിവസം പിന്നിട്ടു. എന്നാൽ ഒരിടത്തും ഇതുവരെയും വിതരണം തുടങ്ങിയില്ല. 

തിരുവനന്തപുരം: പ്രളയബാധിത മേഖലകളിൽ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഇതുവരെ തുടങ്ങിയില്ല. പ്രളയം ബാധിച്ചത് എവിടെയൊക്കെയെന്ന് കണക്കാക്കാനുണ്ടായ കാലതാമസമാണ് അരി വിതരണം വൈകാൻ കാരണം.

പ്രളയബാധിത മേഖലകളിൽ രണ്ടാഴ്ചത്തേയ്ക്ക് സൗജന്യറേഷൻ നൽകാൻ മന്ത്രിസഭ തീരുമാനമെടുത്തിട്ട് പത്ത് ദിവസം പിന്നിട്ടു. എന്നാൽ ഒരിടത്തും ഇതുവരെയും വിതരണം തുടങ്ങിയില്ല. അരി ചോദിച്ച് ജനങ്ങൾ റേഷൻ കടകളിൽ എത്തുന്നുണ്ട്. സർക്കാർ ഉത്തരവ് കിട്ടാത്തതിനാൽ വിതരണമാരംഭിക്കാനാവാതെ റേഷൻ വ്യാപാരികളും നിസ്സഹായാവസ്ഥയിലാണ്.

പ്രളയ ബാധിത മേഖലകൾ ഏതൊക്കെയെന്ന് ജില്ലാ കളക്ടർ സർക്കാരിന് കണക്ക് നൽകിയെങ്കിലും ഇത് അംഗീകരിച്ചുള്ള അറിയിപ്പ് ജില്ലാ കളക്ടറേറ്റുകളിൽ ലഭിച്ചിട്ടില്ല. അറിയിപ്പ് കാട്ടിയ ശേഷമേ അതത് പ്രദേശങ്ങളിലെ വ്യാപാരികൾക്ക് അനുമതി നൽകാനാവൂയെന്ന് സപ്ലെ ഓഫീസ് അധികൃതർ അയിച്ചു. 

അതേസമയം സൗജന്യ അരി ഈ മാസം തന്നെ നൽകുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രളയമേഖലകളിൽ അഞ്ച് കിലോ അരി വീതം മൂന്ന് മാസത്തേക്ക് നൽകുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു.

click me!