വാക്ക് പാലിച്ചില്ലെങ്കിൽ ഇനി ശമ്പളം കട്ട്! സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്, തീരുമാനം ആശ്രിത നിയമനത്തിൽ

Published : Jul 12, 2023, 03:21 PM IST
വാക്ക് പാലിച്ചില്ലെങ്കിൽ ഇനി ശമ്പളം കട്ട്! സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്, തീരുമാനം ആശ്രിത നിയമനത്തിൽ

Synopsis

ആശ്രിതരെ സംരക്ഷിക്കാത്ത  ജീവനക്കാരുടെ  പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന്  25 ശതമാനം തുക പിരിച്ചെടുത്ത്  അർഹരായ ആശ്രിതർക്ക് നൽകാൻ  നിയമനാധികാരികളെ  അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും

തിരുവനന്തപുരം: ആശ്രിത നിയമനത്തിൽ ഉറപ്പുകൾ പാലിക്കാത്ത  ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന  സമ്മതമൊഴി നൽകി  സർക്കാർ സർവ്വീസിൽ പ്രവേശിച്ചവർക്കാണ് മുന്നറിയിപ്പ്. ജോലിയിൽ പ്രവേശിച്ച ശേഷം വ്യവസ്ഥ  ലംഘിക്കുന്ന ജീവനക്കാർക്കെതിരെയാണ് നടപടിയെടുക്കുക.

ആശ്രിതരെ സംരക്ഷിക്കാത്ത  ജീവനക്കാരുടെ  പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന്  25 ശതമാനം തുക പിരിച്ചെടുത്ത്  അർഹരായ ആശ്രിതർക്ക് നൽകാൻ  നിയമനാധികാരികളെ  അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കിൽ  പ്രസ്തുത ജീവനക്കാരനെതിരെ ആശ്രിതർക്ക്  നിയമനാധികാരിക്ക് രേഖാമൂലം പരാതി നൽകാം. ആഹാരം, വസ്തു, പാർപ്പിടം,  ചികിത്സ, പരിചരണം എന്നിവയാണ്  സംരക്ഷണം എന്ന നിർവചനത്തിൽപ്പെടുന്നത്. 

ആശ്രിതരുടെ പരാതിയിൽ ബന്ധപ്പെട്ട തഹസിൽദാർ മുഖേന അന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങിയ ശേഷം അടിസ്ഥാന ശമ്പളത്തിന്റെ 25% പ്രതിമാസം പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. തഹസിൽദാരുടെ അന്വേഷണത്തിൽ ആക്ഷേപമുള്ള ജീവനക്കാർക്ക്  മൂന്ന് മാസത്തിനകം ജില്ലാ കളക്ടർക്ക് അപ്പീൽ സമർപ്പിക്കാം. പരാതിയിൽ ജില്ലാ കളക്ടർ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.  

ആശ്രിതർക്ക് കുടുംബ പെൻഷൻ അനുകൂല്യമുണ്ടെങ്കിൽ മേൽപറഞ്ഞ സംരക്ഷണത്തിന് അർഹത ഉണ്ടായിരിക്കില്ല. എന്നാൽ സാമൂഹ്യ സുരക്ഷാ പെൻഷൻ,  ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള പെൻഷൻ എന്നിവ കൈപറ്റുന്ന ആശ്രിതരെ സംരക്ഷിക്കാൻ മേൽ വ്യവസ്ഥ പ്രകാരം ജോലി ലഭിച്ച ജീവനക്കാർ ബാധ്യസ്ഥരാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും