
തിരുവനന്തപുരം: 2022 ലോകകപ്പ് നേടിയ അർജന്‍റീന ടീമിനെയും നായകൻ ലയണൽ മെസിയേയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ കായിക മന്ത്രി വി അബ്ദു റഹ്മാനെതിരെ അഴിമതിനിരോധന കേസെടുക്കുന്നതിന് അനുമതി തേടി ഗവർണർക്ക് സർക്കാർ റിപ്പോർട്ട് നൽകും. വി അബ്ദു റഹ്മാൻ, പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, സ്പോർട്സ് കൗണ്‍സിൽ മുൻ പ്രസിഡന്‍റും മുൻ ഫുട്ബോൾ താരവുമായ യു ഷറഫലി എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം അന്വേഷണം നടത്താൻ അനുമതി തേടിയാണ് എസ് ഐ ടി റിപ്പോർട്ട് നൽകിയത്. മുൻ മന്ത്രിയെന്ന നിലയിലാണ് ഗവർണറുടെ അനുമതി തേടാൻ തീരുമാനിച്ചതെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. എന്നാൽ ശബരിമല സ്വർണകൊള്ള കേസിൽ മുൻ ദേവസ്വം അംഗങ്ങള്‍ക്കും ജീവനക്കാർക്കുമെതിരെ അഴിമതി നിരോധന വകുപ്പ് ചുമത്തിയപ്പോള്‍ സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങിയിരുന്നല്ല. ഹൈക്കോടതി നിർദ്ദേശമുള്ളതുകൊണ്ടാണ് പ്രത്യേക അനുമതി വാങ്ങാതിരുന്നതെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം മെസിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ അഞ്ചുപേരെ പ്രതിചേർക്കാനാണ് തീരുമാനം. ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, മുൻ കായിക മന്ത്രി വി അബ്ദു റഹ്മാൻ, അബ്ദു റഹ്മാന്‍റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ, മുൻ ഫുട്ബോൾ താരം ഷറഫലി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കും. നിലവിലുള്ള എഫ് ഐ ആറിൽ അഴിമതിക്കുറ്റം കൂടി ഉൾപ്പെടുത്തിയാൽ മതിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ് ഐ ടി) വിലയിരുത്തൽ. കേസിലെ ഗൂഢാലോചന കുറ്റമാണ് പ്രധാനമായും ആന്റോ അഗസ്റ്റിനെതിരെ ചുമത്തുന്നത്. അതേസമയം സ്പോർട്സ് കേരള ഫൗണ്ടേഷൻ, ജി സി ഡി എ (GCDA) എന്നീ സ്ഥാപനങ്ങൾക്കെതിരായ കുറ്റപത്രം വിശദമായ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും തീരുമാനിക്കുക. എ ഡി ജി പി പി. വിജയന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ അന്വേഷണം അതിവേഗമാണ് പുരോഗമിക്കുന്നത്. ആന്‍റോ അഗസ്റ്റിനും, റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയുമാണ് നിലവിൽ പ്രതിപട്ടികയിലുള്ളത്. വഞ്ചനയും ഗൂഢാലോചനയും മാത്രമല്ല, മന്ത്രി തലത്തിലെ ഗൂഢാലോചനയുമുണ്ടെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തൽ. മുൻ കായികമന്ത്രി വി അബ്ദു റഹ്മാനും ഓഫീസും സെക്രട്ടറിയേറ്റ് ചട്ടങ്ങള്‍ മറികടന്ന് സ്പോണ്‍സർക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങള്‍ റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിരുന്നു. ഇതോടെയാണ് കേസിൽ 5 പേരെ ആദ്യഘട്ടത്തിൽ തന്നെ പ്രതികളാക്കാനുള്ള നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam