
ദില്ലി: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ പ്രവേശനത്തിനും സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന ഇന്ദിരാസാഹിനി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ. മഹാരാഷ്ട്രയിൽ മറാത്ത സംവരണം കൊണ്ടുവന്നതിനെതിരെയുള്ള ഹര്‍ജിയിൽ 1992ലെ ഇന്ദിരാസാഹിനി കേസിലെ വിധി പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനാണ് കേരള സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ആവശ്യമെങ്കിൽ 50 ശതമാനത്തിന് മുകളിലും സംവരണം നൽകണം. ഇന്ദിരാസാഹിനി കേസിലെ വിധിയുടെ സമയത്ത് സാമൂഹിക പിന്നാക്കാവസ്ഥ മാത്രം കണക്കാക്കിയായിരുന്നു സംവരണം. പുതിയ സാഹചര്യത്തിൽ സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിനുള്ള മാനദണ്ഡം ആകണമെന്ന് കേരള സര്‍ക്കാര്‍ വാദിച്ചു. സംവരണ കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകണമെന്നും സംവരണം 50 ശതമാനത്തിൽ അധികമാകരുത് എന്ന ഇന്ദിരാസാഹിനി കേസിലെ വിധി പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
മണ്ഡൽ കമ്മീഷൻ റിപ്പോര്‍ട്ട് പ്രകാരം 27 ശതമാനം പിന്നാക്ക സംവരണം ഏര്‍പ്പെടുത്തിയതിന് എതിരെയുള്ള ഇന്ദിരാസാഹിനി കേസിലെ വിധി പറഞ്ഞത് സുപ്രീംകോടതിയിലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചായിരുന്നു. ആ വിധി പുനഃപരിശോധിക്കണമെങ്കിൽ 11 അംഗം ഭരണഘടന ബെഞ്ച് ചേരണം. ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം സുപ്രീംകോടതി തേടിയിരുന്നു. ഇതനുസരിച്ചാണ് കേരളവും നിലപാട് അറിയിച്ചത്. ഭൂരിഭാഗം സംസ്ഥാനങ്ങളും ഇതേ നിലപാട് സ്വീകരിച്ചാൽ ഇന്ദിരാസാഹിനി കേസ് പുനഃപരിശോധിക്കാനുള്ള തീരുമാനത്തിലേക്കാകും സുപ്രീംകോടതി പോവുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam