കൊവിഡ് 19: സംസ്ഥാനത്ത് 101 ക്ലസ്റ്ററുകള്‍; 18 എണ്ണം വലിയ ക്ലസ്റ്ററുകള്‍

By Web TeamFirst Published Jul 21, 2020, 6:48 PM IST
Highlights

സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്. 

തിരുവനന്തപുരം: കേരളത്തില്‍ നിലവില്‍ കൊവിഡ് ബാധയ്ക്ക് കാരണമായ 101 ആക്ടീവ് ക്ലസ്റ്ററുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇതിൽ18 എണ്ണം ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററാണ്. സംസ്ഥാനത്ത് 353 ഹോട്ട് സ്പോട്ടുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. തിരുവനന്തപുരത്ത് 151 പോസിറ്റീവ് കേസിൽ 137 ഉം സമ്പർക്കത്തിലൂടെയാണ്. ഉറവിടം അറിയാത്ത ഏഴ് കേസുമുണ്ട്. മൂന്ന് തീരദേശ മേഖലയിലും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പൊതുജനത്തിന് കൊവിഡുമായി ബന്ധപ്പെട്ട് വിവരം കൈമാറുന്നതിന് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നു എന്നും മുഖ്യമന്ത്രി അറിയിച്ചു. 

സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്. 54 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. 

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേർക്കാണ്. സമ്പർക്കരോഗബാധയിൽ 34 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരിൽ ആരോഗ്യപ്രവർത്തകർ 17, ഐടിബിപി നാല്, കെഎൽഎഫ് ഒന്ന്, കെഎസ്ഇ നാല് എന്നിങ്ങനെയാണ് കണക്ക്.

ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പുല്ലുവിള വിക്ടോറിയയാണ് മരിച്ചത്. 72 വയസ്സായിരുന്നു. ഇന്ന് രോഗമുക്തി നേടിയത് 274 പേരാണ്. പോസിറ്റീവായവർ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂർ 57, പാലക്കാട് 46, ആലപ്പുഴ 46, കാസർകോട് 40, പത്തനംതിട്ട 40, കോഴിക്കോട് 39, കോട്ടയം 39, തൃശ്ശൂർ 19, വയനാട് 17.

കേസുകൾ നെഗറ്റീവായവർ: തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, കോട്ടയം 10, ഇടുക്കി 5, എറണാകുളം ഏഴ്, തൃശ്ശൂർ ആറ്, പാലക്കാട് 39. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്പിളുകൾ പരിശോധിച്ചു. 1,62,444 പേർ നിരീക്ഷണത്തിലാണ്. 8277 പേർ ആശുപത്രിയിലുണ്ട്. 987 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 8056 പേർ ചികിത്സയിലുണ്ട്.

ആകെ ഇതേവരെ 3,08,348 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 7410 റിസൾട്ട് വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 10,942 സാമ്പിളുകൾ ശേഖരിച്ചതിൽ 96,547 നെഗറ്റീവായി. 353 ഹോട്ട്സപോട്ടുകളാണ് കേരളത്തിൽ നിലവിലുള്ളത്. 

click me!