
കോട്ടയം: കേരളം ചെറുപ്പക്കാർക്ക് പ്രത്യാശ കൊടുക്കാൻ കഴിയുന്ന നാട് അല്ലാതെ ആയെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. മിടുക്കൻമാരായ കുട്ടികൾ മറുദേശങ്ങളിൽ പോകുന്നുവെന്നും മാന്യമായി കൃഷി ചെയ്ത് ജീവിക്കാൻ കഴിയുമെങ്കിൽ ആരും നാടു വിട്ട് പോകില്ലെന്നും തോമസ് തറയിൽ ചൂണ്ടിക്കാട്ടി.
വന്യ ജീവി ആക്രമണം ഉണ്ടാകുമ്പോൾ നിഷ്ക്രിയമായി നിർവികരമായി നോക്കി നിൽക്കുന്ന ഭരണകൂടം ആണ് ഇവിടെ ഉള്ളത്. സംസ്ഥാനവും കേന്ദ്രവും പരസ്പരം പഴിചാരുകയാണ്. കഴിഞ്ഞ ഒറ്റയാഴ്ച കൊണ്ട് നാല് പേർ മൃഗങ്ങളുടെ ആക്രമണം കൊണ്ടു മരിച്ചു. ജനത്തിന് ജീവന് വില ഇല്ലാത്തത് പോലെയാണ് ഭരണകൂടങ്ങൾ പെരുമാറുന്നത്. കുട്ടനാട്ടിൽ കർഷകർ നെല്ലിന് വില കിട്ടണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം. നെല്ലിന്റെ താങ്ങു വില ഉയർത്താൻ സർക്കാർ നടപടിയില്ലെന്നും തെരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങൾ മാത്രമാണെന്നും തോമസ് തറയിൽ പറഞ്ഞു.
കുട്ടനാടിനെ താമസ യോഗ്യം അല്ലാതാക്കിയത് സർക്കാർ സംവിധാനങ്ങളാണ്. ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ടിൽ ഇതുവരെയും നടപടി ഇല്ല. മറ്റ് ചില കമ്മീഷനുകളിൽ സർക്കാർ കാണിച്ച താൽപര്യം ക്രൈസ്തവരോടില്ല.
തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ കണ്ട് മയങ്ങിപ്പോകുന്ന മണ്ടന്മാരല്ല കേരളത്തിലെ നസ്രാണികൾ. കേരളത്തിലെ 17 ശതമാനം ക്രൈസ്തവർ വോട്ട് ബാങ്ക് അല്ല എന്ന് കരുതി അവഗണിക്കുന്നുണ്ടെങ്കിൽ ഓർക്കുക 17 ശതമാനത്തിനും ഒരുമിച്ച് കൂടാൻ സാധിക്കും.
എയ്ഡഡ് സ്കൂളിലെ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് ഔദാര്യം എന്നാണ് സർക്കാർ കരുതുന്നത്. എയ്ഡഡ് മേഖലയോട് രാഷ്ട്രീയ നേതൃത്വങ്ങൾ കാണിക്കുന്ന നിസ്സംഗത അപലപനീയമാണ്. സഭയുടെ എയ്ഡഡ് സ്ഥാപനങ്ങളിൽ നിയമനങ്ങൾ തടഞ്ഞുവെക്കുന്നുവെന്നും എയ്ഡഡ് മേഖല തകർന്നാൽ തളർച്ച ക്രിസ്ത്യൻ സമുദായത്തിന് അല്ല കേരളത്തിലെ പൊതു സമൂഹത്തിനാണെന്നും ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam