
തിരുവനന്തപുരം: 12 വയസിൽ താഴെയുള്ള സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) ബാധിതരായ 80 കുട്ടികൾക്ക് 100 കോടി വിലവരുന്ന മരുന്ന് സൗജന്യമായി നൽകി കേരളം. അപേക്ഷിച്ച എല്ലാ കുട്ടികൾക്കും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് നൽകിയാണ് കേരളം മാതൃകയായത്. ഇവർക്കുള്ള തുടർചികിത്സയും അടുത്ത ഘട്ടത്തിലുള്ള സൗജന്യ മരുന്നുകളും ആരോഗ്യവകുപ്പ് തന്നെ നൽകും.
മുൻപ് ആറ് വയസ് എന്ന നിബന്ധന അടുത്തിടെയാണ് 12 വയസ് വരെയാക്കിയത്. ആറ് വയസിന് മുകളിലുള്ള 23 കുട്ടികൾക്കാണ് മരുന്ന് നൽകിയത്. ഇതുൾപ്പെടെ 12 വയസ് വരെയുള്ള ആകെ 80 കുട്ടികൾക്കാണ് ഒരു ഡോസിന് ആറുലക്ഷത്തോളം വിലയുള്ള മരുന്നുകൾ നൽകിയത്. ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് പ്രതിമാസം 20 ലക്ഷം രൂപ വിലവരുന്ന മരുന്നുകളും സൗജന്യമായി വിതരണം ചെയ്തിരുന്നു. ഇതുകൂടാതെ 50 ലക്ഷത്തോളം രൂപ ചികിത്സാ ചെലവ് വരുന്ന മറ്റ് അപൂർവ രോഗങ്ങൾ ബാധിച്ചവർക്ക് എസ്എടി ആശുപത്രിവഴി മരുന്ന് നൽകുന്നുണ്ട്.
ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് അപൂർവ രോഗത്തിനുള്ള മരുന്നുകൾ സർക്കാർതലത്തിൽ സൗജന്യമായി നൽകാനാരംഭിച്ചത് കേരളമാണ്. അപൂർവ രോഗങ്ങൾക്ക് സമഗ്ര പരിപാലനം ഉറപ്പുവരുത്താനായി കെയർ പദ്ധതി (കേരള യുണൈറ്റഡ് എഗൻസ്റ്റ് റെയർ ഡിസീസസ്) സംസ്ഥാനം നടപ്പാക്കിയിരുന്നു. ക്രൗഡ് ഫണ്ടിങ്ങിലൂടെ ഉൾപ്പെടെ തുക കണ്ടെത്തി ചികിത്സാ പദ്ധതി വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആദ്യമായി എസ്എംഎ ക്ലിനിക് പ്രവർത്തിക്കുന്നുണ്ട്. എസ്എംഎ ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി ആരംഭിച്ചതും പ്രധാന നേട്ടമാണ്. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം രൂപ ചെലവുള്ള ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജുകളിൽ സൗജന്യമായി ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam