
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തുടരന്വേഷണം നടത്താൻ ഒന്നരമാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി. മെയ് മുപ്പതിന് മുൻപായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ദിലീപിൻ്റെ ഹര്‍ജി തള്ളിയ വിധിയിലാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചനാക്കേസിലും ക്രൈംബ്രാഞ്ചിന് ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഹൈക്കോടതിയുടെ ഉത്തരവ്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദീലിപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും സുഹൃത്തുക്കളായ ശരതും ബൈജു ചെങ്ങമനാടും ഗൂഡാലോചന നടത്തിയെന്ന കേസിലാണ് ഹൈക്കോടതി ഉത്തരവ്. കളളക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് സിയാദ് റഹ്മാൻ തളളിയത്. നിലവിലെ അന്വേഷണം തുടരാം എന്ന് വ്യക്തമാക്കിയ കോടതി അന്വേഷണ ഉദ്യോഗസ്ഥരുടെ വൈരാഗ്യമാണ് കേസിന് കാരണമെന്ന ദിലീപീന്‍റെ വാദവും അംഗീകരിച്ചില്ല.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഗൂഢോദ്ധേശ്യം ഉള്ളതായി വ്യക്തമാകുന്നില്ലെന്ന് ഉത്തരവിലുണ്ട്. ഈ സാഹചര്യത്തിൽ സിബിഐ പോലുളള മറ്റൊരു ഏജൻസിക്ക് അന്വേഷണം കൈമാറേണ്ട കാര്യവുമില്ല. ഗൂഡാലോചന സ്ഥാപിക്കാൻ പറ്റിയ തെളിവുകൾ പ്രഥമദ്യഷ്ടാ തന്നെ കേസിലുണ്ടെന്ന് നിരീക്ഷിച്ച കോടതി അന്തിമ കുറ്റപത്രം സമർപ്പിച്ച ശേഷം നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതിന് ഈ ഉത്തരവിലെ നിരീക്ഷണങ്ങൾ തടസമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നും കോടതി ഉത്തരവിലുണ്ട്. ഡിജിപി ഇക്കാര്യം ഉറപ്പാക്കണമെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. ഡിജിപി ഇക്കാര്യം ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഗൂഡാലോചന സ്ഥാപിക്കാൻ പറ്റിയ തെളിവുകൾ പ്രഥമദ്യഷ്ടാ തന്നെ കേസിലുണ്ടെന്നും ഉത്തരവിൽ ഈ കോടതിയുടെ കണ്ടെത്തലുകൾ അന്തിമ കുറ്റപത്രം സമർപ്പിച്ച ശേഷം ദിലീപിന് നിയമപരമായി മുന്നോട്ടു പോകുന്നതിന് തടസമാകില്ലെന്നും ഉത്തരവിൽ പറയുന്നു.
വധഗൂഡാലോചനയിൽ നിലവിൽ പുറത്തുവന്ന തെളിവുകൾ ടീസർ മാത്രമാണെന്നും ബൈജു പൗലോസിനെ വധിക്കാൻ ആളെ അയച്ചതിന്‍റെ അടക്കം ശബ്ദരേഖകളുണ്ടെന്നും കേസിലെ മുഖ്യസാക്ഷിയായ ബാലചന്ദ്രകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണം വേഗത്തിലാക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സായി ശങ്കറിന്‍റെ പക്കൽ നിന്ന് കിട്ടിയ ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഉടൻ പൂർത്തിയാക്കും. എന്നാൽ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ദിലീപ് അപ്പീലുമായി മേൽക്കോടതിയെ സമീപിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam